തുടക്കം മുതൽ വാർത്തകളിൽ ഇടം നേടിയ മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് ഇതിനോടകം തന്നെ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. സംവിധായകനും നിര്‍മ്മാതാവും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ആദ്യ സംവിധായകനായ സജീവ് പിള്ളക്ക് പകരം പത്മകുമാറിനെയെടുത്തത്. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
വേണു കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
അവിചാരിതമായിട്ടാണ് ഞാൻ സിനിമയിൽ എത്തിച്ചേരുന്നത്. സിനിമ അധികം കാണുകയോ, സിനിമാ സുഹൃത്തുക്കളോ എനിക്കില്ല. എങ്കിലും സമയത്തിന്റെ ഗുണം കൊണ്ടോ, ദോഷം കൊണ്ടോ ഞാനീ ലോകത്തിൽ എത്തിച്ചേർന്നു. ഇനി ഇതില്‍ നിന്നു വെറും കയ്യോടെ ഒരു തിരിച്ചു പോക്കില്ല. ഉദ്ദേശിച്ച രീതിയിലും പലര്‍ക്കും കൊടുത്ത വാക്കുപോലെയും എനിക്ക് ഇത് പൂര്‍ത്തിയാക്കണം. പ്രതിബന്ധങ്ങളും ആരോപണങ്ങളും സ്വാഭാവികം. തരണം ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും മനസിലാക്കി തന്നെയാണ് യാത്ര.
എനിക്കെതിരെ വൃതാ ആരോപണം ഉന്നയിച്ചതു കൊണ്ട് എന്തു ഫലം? തല്‍ക്കാലം ആശ്വസിക്കാം. സത്യവും നീതിയും വിജയിക്കും. അത് പ്രകൃതി നിയമം. അതിലെനിക്ക് പൂര്‍ണ വിശ്വാസമാണ്. അതിരു കടന്ന അവകാശ വാദങ്ങള്‍ക്കൊ വാഗ്ദാനങ്ങള്‍ക്കോ ഞാന്‍ ഇല്ല. കാലം തന്നെ തെളിയിക്കട്ടെ, ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി എന്ന്.