ബാഹുബലി, കെജിഎഫ് പോലെയുള്ള സിനിമകൾ മലയാളത്തിൽ നിന്നും വരണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. മികച്ച അഭിനേതാക്കളും ടെക്‌നീഷ്യൻസും ഉള്ളപ്പോൾ എന്താണ് പിന്നോട്ട് വലിക്കുന്നത് എന്നാണ് ആലോചിക്കേണ്ടത്. അത് തന്നെയായിരുന്നു തന്റെ ആശങ്ക. മാർക്കോ മലയാളത്തിൽ നിന്നാണോ എന്ന് ആളുകൾ ആശ്ചര്യപ്പെടുന്നതായിരുന്നു തന്നെ ഞെട്ടിച്ച കാര്യമെന്നും മലയാളത്തിൽ നിന്ന് ഇനിയും ഇത്തരം സിനിമകൾ ഉണ്ടാകണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മലയാള സിനിമകളെ കുറിച്ചുള്ള മറ്റുള്ളവരുടെ പ്രതീക്ഷകളാണ് അതിനെ ലിമിറ്റ് ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. വലിയ സിനിമകളുടെ ഐഡിയ ആലോചിക്കുന്നതിനിടയിൽ ഇതിൽ ആർട്ടിസ്റ്റിക്ക് ബ്രില്ല്യൻസ് കുറവാണല്ലോ എന്ന് കരുതി അത് ഉപേക്ഷിക്കുന്ന സ്ഥിതി ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് മലയാള സിനിമയിൽ നിന്ന് വലിയ സിനിമകൾ സംഭവിക്കാത്തത്. വലിയ ബഡ്‌ജറ്റ് എങ്ങനെയെന്ന് ഉപയോഗിക്കേണ്ടത് ആളുകൾ മറന്നിരിക്കുന്നു. ഇരുപതോ മുപ്പതോ കോടി രൂപ ഒരു സിനിമയ്ക്കായി ചെലവഴിക്കാൻ ഒരാൾ തയ്യാറായാലും അതെങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത ടെക്‌നീഷ്യൻസിനെ ഞാൻ കണ്ടിട്ടുണ്ട്. അത് സങ്കടകരമായ കാര്യമാണ്.
മലയാളത്തിൽ നിന്ന് വലിയ സിനിമകൾ സംഭവിക്കണം എന്നാണ് എന്റെ ആഗ്രഹം. കേരളത്തിൽ നിന്ന് ബാഹുബലി, കെജിഎഫ് പോലെയുള്ള സിനിമകൾ വരണമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് പല അഭിമുഖങ്ങളിലും ഇതേ കാര്യം പറഞ്ഞു. എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത് എന്നാണ് എന്റെ ചോദ്യം. മാർക്കോ മലയാളത്തിൽ നിന്നാണോ എന്ന് ആളുകൾ ആശ്ചര്യപ്പെടുന്നതായിരുന്നു എന്നെ ഞെട്ടിച്ച കാര്യം. എന്തുകൊണ്ടാണ് അവർ ഇത്രയും അതിശയിക്കുന്നത്? എന്തുകൊണ്ട് അത് സംഭവിച്ചു കൂടാ. മലയാളം സിനിമയ്ക്കുള്ള പ്രശസ്തിക്ക് കോട്ടം വരാതെ തന്നെ എന്റെ രീതിയിലുള്ള സിനിമകൾ ചെയ്യാനാണ് പ്ലാൻ ചെയ്തത്,' ഉണ്ണി മുകുന്ദൻ പറഞ്ഞു.