മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

രേണുക വേണു

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (19:58 IST)
Mohanlal and Major Ravi

ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്നു. ഇന്ത്യന്‍ ആര്‍മിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പ്രൊജക്ടിനെ കുറിച്ച് ആലോചന നടക്കുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 
 
ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയില്‍ നിന്ന് മെഡല്‍ സ്വീകരിച്ച ശേഷമാണ് പട്ടാള സിനിമ ആലോചനയില്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയത്. പൗരന്‍മാരുടെ ക്ഷേമത്തിനു വേണ്ടി ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 
 
ഭാവിയില്‍ സൈന്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏതെങ്കിലും സിനിമകളുടെ ഭാഗമാകുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചു. മേജര്‍ രവിക്കൊപ്പം അത്തരത്തിലുള്ള ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും അങ്ങനെയുള്ള പ്രൊജക്ട് ചെയ്യാന്‍ ആലോചന നടക്കുകയാണെന്നും ലാല്‍ വെളിപ്പെടുത്തി.  
 
ലാലേട്ടനുമായി വീണ്ടും ഒരു സിനിമയുണ്ടാകുമോ എന്ന് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'അതുണ്ട്' എന്ന് മേജര്‍ രവി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു. പുതിയ സിനിമയ്ക്കു വേണ്ടി മേജര്‍ രവി മോഹന്‍ലാലുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. 
 
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധാ, 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്നിവയാണ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇതില്‍ കീര്‍ത്തിചക്ര സാമ്പത്തികമായി വലിയ വിജയമായിരുന്നു. മറ്റു സിനിമകളൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍