മാമുക്കോയയെ ‘കൊന്നത്’ മലയാളിയുടെ മനോവൈകൃതം; വിമര്‍ശനവുമായി മോഹന്‍ലാല്‍

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2015 (14:28 IST)
നടൻ മാമുക്കോയ മരിച്ചെന്ന വാർത്തകൾ പ്രചരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി   നടൻ മോഹൻലാൽ. 'മാമൂക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം' എന്ന തലക്കെട്ടോടെ എഴുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇതേപ്പറ്റി പ്രതികരിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് നവമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു. നടൻ മാമുക്കോയ
മരിച്ചു. വൃക്ക രോഗമായിരുന്നു മരണകാരണം എന്നുമുണ്ട്. മിനിട്ടുകൾക്കകം വാർത്ത കാട്ടുതീയേക്കാൾ വേഗത്തിൽ പടർന്നു. മാമുക്കോയയെ നേരിട്ടറിയുന്നവർ നേരിട്ട് വിളിച്ചു. അദ്ദേഹത്തെ നേരിട്ടറിയാത്തവരും പരസ്പരം ഫോൺ വിളി തുടങ്ങി. മാമുക്കോയ അപ്പോൾ വയനാട്ടിൽ ആയിരുന്നു.

സസുഖം ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച എല്ലാവരോടും അദ്ദേഹം ‘ഞാൻ മരിച്ചു’ എന്ന് കോഴിക്കോടൻ സ്‌റ്റൈലിൽ പറഞ്ഞു. അതു കേട്ട് വിളിച്ചവർ ചിരിച്ചു. ഫോൺ വിളികൾ കൂടിയപ്പോൾ ഒടുവിൽ മാമുക്കോയ ഫോൺ ഓഫ് ചെയ്തു. ഈ ബഹളം അടുത്ത രണ്ട് ദിവസങ്ങൾ കൂടി തുടർന്നു. അവസാനം ഒരു വെറും തമാശയിൽ അത് അവസാനിച്ചു. ‘- മോഹൻലാൽ പറയുന്നു.

‘ഞാനും ഈ തമാശകൾ ഒക്കെ കേട്ടു എന്നാൽ എനിക്ക് ഈ കാര്യം വെറും തമാശയായിക്കണക്കാക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. കാരണം ഞാൻ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കൽ ഞാൻ ഊട്ടിയിൽ ഷൂട്ടിങ്ങിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വൂട്ടിൽ വിളിച്ചു പറഞ്ഞു ഞാൻ ഒരു കാറപടകത്തിൽപെട്ടു മരിച്ചു എന്ന്. അന്ന് ഇന്നത്തെപോലെ ഫോൺ വ്യാപകമല്ല. എന്റെ അമ്മയും അച്ഛനും തിന്ന തീയ്ക്ക് ഒരു കണക്കുമില്ല മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞു.

ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചു എന്ന വാർത്ത സൃഷ്ടിക്കുന്നവർക്ക് അതിൽ നിന്നും ലഭിക്കുന്ന ആനന്ദം എന്താണെന്നും ഏതു തരത്തിലുള്ള മനസായിരിക്കും ആ മനുഷ്യരുടേതെന്നും മോഹൻലാൽ ചോദിക്കുന്നു.