ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നല്ല മനുഷ്യന്‍!- മമ്മൂട്ടിയെ കുറിച്ച് എം എ നിഷാദ്

ശനി, 17 മാര്‍ച്ച് 2018 (11:42 IST)
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പ്രത്യേകതകള്‍ ഏറെയാണ്. അര്‍ഹിച്ചവര്‍ക്ക് ലഭിച്ച അംഗീകാരമായിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത്. കിണർ എന്ന സിനിമയിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാനപുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് എം എ നിഷാദ്.
 
ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും നിഷാദ് തന്നെയാണ്. സിനിമയിൽ തന്നെ കൈ പിടിച്ചുയർത്തിയത് മമ്മൂട്ടിയാണെന്ന് ഈ അവസരത്തില്‍ അദ്ദേഹം ഓർക്കുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വീട്ടിലെത്തിയ നിഷാദ് പഴയ ഓർമകള്‍ പ്രേക്ഷകർക്കായി പങ്കുവക്കുന്നു.
 
എം. എ നിഷാദിന്റെ കുറിപ്പ്:
 
എഴുതുന്നത് മമ്മൂക്കയെ പറ്റി ആണെങ്കിൽ,ഒരു പുറം കൊണ്ട് എഴുതി തീരില്ല, പ്രത്യേകിച്ച് ഞാൻ എഴുതുമ്പോൾ. പറയാൻ ഒരുപാട്, എഴുതാൻ ഒത്തിരി...വാക്കുകൾ കൊണ്ട് മുഖപുസ്തകത്തിൽ കുറിച്ചിടുന്നതല്ല, ഈ മനുഷ്യനുമായുളള എന്റെ ആത്മബന്ധം...
 
ആദ്യം കാണുന്ന സിനിമ ഐ.വി ശശിയേട്ടന്റെ ''തൃഷ്ണ''. ആദ്യമായി മമ്മൂക്കയെ കാണുന്നത്, നാലാം ക്ളാസ്സിൽ പഠിക്കുമ്പോൾ, പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത 'ഇടിയും മിന്നലും' എന്ന സിനിമയുടെ ലൊക്കേഷനിൽ,അന്ന് നായകൻ രതീഷും..
 
കൈയ്യിൽ എരിയുന്ന സിഗററ്റുമായി നിൽക്കുന്ന മമ്മൂക്കയുടെ രൂപം ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ ....സിനിമ എനിക്കന്നും,ഇന്നും ആവേശമാണ്...K.G.ജോർജ്ജ് സാറിന്റെ യവനികയിലൂടെ മമ്മൂക്ക മലയാളത്തിലെ പകരം വെക്കാനില്ലാത്ത, സാന്നിധ്യമായി...മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നായകനേക്കാൾ ശ്രദ്ധ നേടിയ വില്ലൻ മോഹൻലാൽ..യുവാക്കളുടെ ഹരമായ കാലഘട്ടം.
 
അഭിനയത്തിന്റെ പുതിയ വ്യാകരണങ്ങൾ മലയാള സിനിമ പ്രേക്ഷകരുടെ മുന്നിൽ, അവതരിപ്പിച്ച, ഈ രണ്ട് മഹാപ്രതിഭകൾ,ചലച്ചിത്രാസ്വാദനത്തിന്റെ നവ്യാനുഭവം മലയാളീ പ്രേക്ഷകർക്ക് സമ്മാനിച്ചു..മരം ചുറ്റി പ്രേമരംഗങ്ങളിൽ നിന്നും, അതിശയോക്തി കലർന്ന അമിതാഭിനയത്തിൽ നിന്നും, സ്വാഭാവിക, അഭിനയത്തിന്റെ നവതരംഗങ്ങൾ, ഇവർ മലയാള സിനിമയിൽ കാഴ്ച്ചവെച്ചു. 
 
പ്രതിഭാധനരായ, സംവിധായകരും, കലയേ സ്നേഹിക്കുന്ന നിർമാതാക്കളും, ഈ കാലഘട്ടത്തിൽ, ഇവർ രണ്ടുപേർക്കും പിന്തുണയായി ഉണ്ടായിരുന്നത് കൊണ്ട്, എൺപതുകളും, തൊണ്ണൂറുകളുടെ ആദ്യവും, മലയാള സിനിമയുടെ സുവർണ്ണകാലമായി കാലം അടയാളപ്പെടുത്തിയത്....മോഹൻലാൽ എന്ന നടനോടുളള ആരാധന മനസ്സിൽ കൊണ്ട് നടക്കുമ്പോൾ തന്നെ, കൗമാര പ്രായത്തിൽ എന്നെ ഞാനാക്കിയ ആലപ്പുഴ പട്ടണത്തിൽ വെച്ച് ഒരു ''പ്രത്യേക''സാഹചര്യത്തിൽ, മമ്മൂട്ടിയെന്ന നടന്റെ ആരാധകനായി മാറുകയായിരുന്നു. ''നിറക്കൂട്ട്'',യാത്ര,അടിയൊഴുക്കുകൾ, കാണാമറയത്ത്,ആൾക്കൂട്ടത്തിൽ തനിയേ, അക്ഷരങ്ങൾ,ആവനാഴി,വാർത്ത...അങ്ങനെ മമ്മൂട്ടി ജീവിച്ച അനേകം കഥാപാത്രങ്ങൾ...
 
കെ.ജി .ജോർജ്ജ്, I.V.ശശി, പത്മരാജൻ, ഹരിഹരൻ, ജോഷി,ഭരതൻ...എം.ടി യേ പോലെയുളള അനുഗ്രഹീത കഥാകൃത്തുകൾ..മമ്മൂട്ടിയെന്ന നടനെ,സ്ഫുടം ചെയ്തെടുത്തിരുന്ന കാലം...
 
എൻജിനീയറിങ് കോളജിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിലും, മനസ്സ് മുഴുവൻ സിനിമയായിരുന്നു.. ഒരു സംവിധായകനാകണം..അതായിരുന്നു ലക്ഷ്യം.. നാലാം വയസ്സിൽ പ്രേംനസീറിന്റെ യാഗ്വാശം എന്ന സിനിമ പുനലൂർ തായ്‌ലക്ഷമിയിൽ കണ്ട നാൾ മുതൽ മനസ്സിൽ കുടിയേറിയ ആഗ്രഹം...എന്റെ അമ്മാവൻ,അൻസാരി..അദ്ദേഹമാണ് ഒരു സിനിമയിൽ സംവിധായകൻ ആരാണെന്ന് പഠിപ്പിച്ച് തന്നത്..
 
ആരുടെയും കൂടെ സംവിധാനം പഠിക്കാൻ നിന്നില്ല..സംവിധാനം പഠിക്കാൻ നിർമാതാവാൻ തീരുമാനിച്ചു..ആദ്യ സിനിമ മമ്മൂക്കയെ വെച്ച് തന്നെ വേണം എന്ന് നിർബന്ധമുണ്ടായിരുന്നു..
 
മമ്മൂക്കയേ കാണാൻ എറണാകുളം അബാദ് പ്ളാസ ഹോട്ടലിൽ ചെന്നപ്പോൾ, കൗതുകത്തോടെ എന്നോട് ചോദിച്ചു-നിന്റെ സംവിധായകൻ ആരാ? സത്യൻ അന്തിക്കാട് ഞാൻ മറുപടി പറഞ്ഞു ..
 
തൊട്ടടുത്ത് നിന്ന S.N സ്വാമിയെ നോക്കി മമ്മൂക്ക പറഞ്ഞു ചെക്കൻ സീരിയസ്സാണ് കേട്ടോ സ്വാമീ.. ''ഒരാൾ മാത്രം''എന്ന സിനിമ പിറവിയെടുക്കുന്നത് അങ്ങനെയാണ് ...സിനിമയിൽ എന്നെ കൈ പിടിച്ചുയർത്തിയത് മമ്മൂക്കയാണ്...എന്നെ മാത്രമല്ല പലരേയും... നിർമ്മാതാവായി കടന്ന് വന്ന്, സംവിധായകനായി, നടനായി,എല്ലാത്തിനും തുടക്കമിട്ടത് മമ്മൂക്കയാണ്..
 
''കിണർ'' എന്ന ചിത്രത്തിന് മികച്ച കഥാകൃത്തിനുളള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം,എന്നെ തേടിയെത്തുമ്പോൾ,ആദ്യം അഭിനന്ദിച്ചത്,മമ്മൂക്കയാണ് ...ഇന്നിപ്പോൾ മമ്മൂക്കയുടെ വീട്ടിൽ സുഹൃത്ത് സോഹൻ സീനുലാലിനൊപ്പം ഞാൻ ചെല്ലുമ്പോൾ,എന്നോടുളള സ്നേഹവും,കരുതലും,ഞാൻ കണ്ടു.. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മമ്മൂട്ടി എന്ന നല്ല മനുഷ്യനിൽ....
 
ഞാൻ സംവിധാനം ചെയ്തതും, നിർമിച്ചതുമായ ചിത്രങ്ങളിൽ,കണക്കെടുത്താൽ,മധു സാർ മുതൽ,ആസിഫ് അലി വരെ ഏകദേശം 153 താരങ്ങൾ അഭിനയിച്ചു...
 
അഭിനന്ദനം അറിയിച്ചവരിൽ ജയസൂര്യയും കുഞ്ചാക്കോബോബൻ അവരെയൊന്നും,വിസ്മരിച്ചിട്ടില്ല...എന്റെ നിർമാതാക്കൾ, സുഹൃത്തുക്കൾ,സഹപ്രവർത്തകർ, വിമർശകർ, ഞാൻ സംവിധായകൻ ആകാൻ എന്നെ സഹായിച്ച, അന്തരിച്ച സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണൻ ചേട്ടനുൾപ്പടെയുളളവരെ നന്ദിയോടെ സ്മരിച്ച് കൊണ്ട് ....നിർത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍