ലോഹിതദാസിന്റെ ഓർമകൾക്ക് ഇന്നേക്ക് ഏഴുവർഷം തികയുന്നു. കിരീടത്തിലെ സേതുമാധവൻ, കന്മദത്തിലെ ഭാനു അങ്ങനെ നീണ്ട ഒരുപിടി നല്ല കഥാപത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച ലോഹിതദാസ് ഓർമയായിട്ട് ഏഴു വർഷം. മഞ്ജു വാര്യർ, മീരാ ജാസ്മിൻ, ഭാമ തുടങ്ങി നിരവധി പ്രതിഭകളെ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു. ലോഹിതദാസ് കന്മദം ആയിരുന്നുവെന്ന് മഞ്ജു വാര്യർ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ലോഹിതദാസുമായുള്ള ഓർമകൾ പങ്കുവെയ്ക്കുന്നത്.
മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കന്മദം എന്ന വാക്കിന് 'കല്ലിൽ നിന്നൂറി വരുന്നത്' എന്ന് അർഥമുണ്ട്. അങ്ങനെനോക്കിയാൽ ലോഹിസാർ 'കന്മദം' ആയിരുന്നു. കരിങ്കല്ലുപോലുള്ള ജീവിതാനുഭവങ്ങളിൽ നിന്ന് കിനിഞ്ഞിറങ്ങിയ വീര്യവത്തായ പ്രതിഭ. കടന്നുപോയിട്ട് ഇന്ന് ഏഴുവർഷമായെങ്കിലും ലോഹിസാറിന്റെ അസാന്നിധ്യം എനിക്ക് ഒരിക്കലും അനുഭവപ്പെടുന്നില്ല.
അനുഗ്രഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു കൈപ്പടം എപ്പോഴും മൂർദ്ധാവിനുമീതേയുണ്ടെന്ന തോന്നൽ. ഇന്നും ആദ്യഷോട്ടിന് മുമ്പ് മനസ്സാപ്രണമിക്കും. ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ച് ആദ്യമായി കണ്ടപോലെ തന്നെയാണ് ഇപ്പോഴും ഉള്ളിൽ. ലോഹിതദാസ് എന്ന വലിയ മനുഷ്യൻ പാഠങ്ങളായും പാദമുദ്രകളായും ഇന്നും എനിക്ക് മുമ്പേയുണ്ട്. അതിനുപിന്നാലെയാണ് യാത്ര.
ഇന്നലെയും ഒരാൾ പറഞ്ഞു: 'കന്മദത്തിലേതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന്'. സല്ലാപം മുതൽ കന്മദം വരെയുള്ളവയിലെ കഥാപാത്രങ്ങളിലൂടെ ലോഹിസാർ പകർന്നുതന്നതേയുള്ളൂ കൈക്കുള്ളിൽ. അതുകൂപ്പി, ഓർമകളെ ചേർത്തുപിടിച്ച് ഒരിക്കൽക്കൂടി പ്രണാമം..