തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് പ്രേക്ഷക ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് വരത്തൻ. എന്നാൽ അമൽ നീരദ്-ഫഹദ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ഒരു കുടുംബത്തെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയിൽ കോടതി കയറാൻ ഒരുങ്ങുകയാണ്.
തങ്ങളെ മോശമായി ചിത്രീകരിച്ചെന്നുകാണിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിഭാഷകരായ രാജേഷ് കെ രാജു, രാകേഷ് വി ആര്‍ എന്നിവര്‍ മുഖേന വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ പാപ്പാളി കുടുംബാംഗങ്ങൾ. ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്തവരുടെ കുടുംബപ്പേരായി ഉപയോഗിച്ചത് പാപ്പാളി എന്നായിരുന്നു.
ചിത്രത്തിന്റെ പ്രദർശനം നിർത്തിവെയ്‌ക്കണമെന്ന ആവശ്യവും ഹർജിയിൽ പറയുന്നു. സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്തുകള്‍ എന്നിവര്‍ക്കെതിരെ എറണാകുളം മുന്‍സിഫ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്ന കുടുബത്തിന്റെ പേര് ചിത്രത്തില്‍ അപകീര്‍ത്തികരമായി ഉപയോഗിച്ചു എന്നാണ് ഹർജിക്കാർ ആരോപിച്ചത്.