പലയാവർത്തി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന് ജാഡയാണെന്നും മുൻകോപിയാണെന്നുമൊക്കെ പലരും പറഞ്ഞിട്ടുണ്ട്. അതിനിടെ മമ്മൂട്ടി എന്ന വ്യക്തിയെ കുറിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ലീല പണിക്കര്‍ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ആദ്യമായി മമ്മൂക്കയെ കണ്ട അനുഭവവും ഒരുമിച്ച് പ്രവർത്തിച്ചതും അടക്കമുളള കാര്യങ്ങൾ ലീല പണിക്കർ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പങ്കുവെച്ചിരിക്കുന്നത്.
മമ്മൂട്ടി ദേഷ്യക്കാരാനാണെന്നുളള വാദങ്ങൾ ലീല പണിക്കർ തള്ളിക്കളയുന്നു. അദ്ദേഹത്തെ കുറിച്ച് എന്തുകൊണ്ടാണ് മറ്റ് നടിമാരുമായി ചേർത്ത് ഗോസിപ്പുകളൊന്നും കേൾക്കാത്തത് എന്നും ലീല പണിക്കർ വെളിപ്പെടുത്തുന്നു. ഒരിക്കൽ ഒരു സ്ത്രീ അസഭ്യച്ചുവയുളള തമാശ പറഞ്ഞപ്പോൾ അത് കേട്ട് നിൽക്കാൻ ബുദ്ധിമുട്ട് തോന്നിയ മമ്മൂട്ടി എവിടെ നിന്നും മാറി നിൽക്കുകയാണ് ചെയ്തതെന്ന് ലീല പറയുന്നു.
'ബലൂണ്‍ സിനിമയുടെ ഡബ്ബിംഗ് സമയത്താണ് മമ്മൂക്കയെ ആദ്യം കാണുന്നത്. അതുവരെ ഒരു പരിചയവും ഇല്ല.. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ചാണ് കാണുന്നത്. അന്ന് ഡബ്ബ് ചെയ്യാന്‍ വന്ന ഒരു സ്ത്രീ ചെറിയ അസഭ്യച്ചുവയുളള ഒരു തമാശ പറഞ്ഞു. തനിക്ക് അത് കേട്ട് നിക്കാന്‍ തോന്നാത്തത് കൊണ്ട് ഒരു വശത്തേക്ക് മാറി നിന്നു. അദ്ദേഹവും മാറി. അത് കണ്ടപ്പോള്‍ കൊള്ളാമല്ലോ ഇങ്ങേര് എന്ന് മനസ്സില്‍ വിചാരിച്ചു.
അത് കഴിഞ്ഞ് തന്നോട് ഇങ്ങോട്ട് വന്ന് പേരും കാര്യങ്ങളുമൊക്കെ ചോദിച്ചു. താനൊരു അഡ്വക്കേറ്റ് ആണെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് തനിക്ക് കാപ്പി കൊണ്ട് വരുന്നത്. മമ്മൂക്ക പറഞ്ഞു, ഞാനും സാരിയൊക്കെ ഉടുത്ത് ഇരുന്നിരുന്നേല്‍ നമുക്കും ഫ്‌ളാസ്‌കിലൊക്കെ കാപ്പി കൊണ്ട് വന്നേനെ എന്ന്. താന്‍ പറഞ്ഞു, അയ്യോ അങ്ങനെ അല്ല, തനിക്ക് ചായ കുടിച്ചാല്‍ ഛര്‍ദ്ദിക്കും. അതുകൊണ്ട് ചേട്ടന്റെ സുഹൃത്തായ ചെട്ടിയാരുടെ വീട്ടില്‍ നിന്ന് കാപ്പി കൊണ്ട് വന്നതാണ് എന്ന്.
അത് കഴിഞ്ഞ് പിന്നെ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ പരിചയഭാവത്തോടെ ചിരിക്കും. അത് കഴിഞ്ഞാണ് മറ്റൊരാള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത്. സെറ്റില്‍ ചെന്നപ്പോഴാണ് മമ്മൂക്ക ഉണ്ടെന്ന് അറിയുന്നത്. അവിടെയും ഭയങ്കര ബഹളമായിരുന്നു. നോക്കിയപ്പോള്‍ ഒരു കട്ടില്‍ അവിടെ കണ്ടു. താന്‍ അതില്‍ കയറി കിടന്നു, ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോള്‍ കാല്‍ക്കല്‍ ഒരാള്‍ ഇരിക്കുന്നു, മമ്മൂക്ക. ഞാന്‍ വിഷമിച്ച് പോയി. മമ്മൂക്ക പറഞ്ഞു, കിടന്നോളൂ, അപ്പുറത്ത് ഭയങ്കര ബഹളം അതാണ് താന്‍ ഇവിടെ വന്ന് ഇരുന്ന് വായിക്കുകയായിരന്നു എന്ന്. ഇദ്ദേഹം കൊള്ളാമല്ലോ എന്ന് അപ്പോഴും മനസ്സില്‍ വിചാരിച്ചു.
ഭയങ്കര ജെന്റില്‍മാനാണ്. അസഭ്യച്ചുവയുളള ഒരു വാക്കോ തമാശയോ അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരില്ല. മമ്മൂക്കയെ കുറിച്ച് ഒരു ഗോസിപ്പും കേള്‍ക്കാത്തത് അത് ഇല്ലാത്തത് കൊണ്ടാണ്. അദ്ദേഹത്തിന് ആവശ്യമുളള സ്ത്രീ വീട്ടിലിരിപ്പില്ലേ. എല്ലാവരോടും നന്നായി തന്നെ ആണ് പെരുമാറുന്നത്. യാതൊരു വലിപ്പ ചെറുപ്പവും കാണിക്കാറില്ല. എല്ലാവരോടും സൗഹൃദത്തിലും മര്യാദയോടെയുമാണ് പെരുമാറുക. എല്ലാവരും അദ്ദേഹത്തെ പ്രായവ്യത്യാസം ഇല്ലാതെ മമ്മൂക്ക എന്ന് വിളിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ആ സ്ഥാനം കീപ് ചെയ്യുന്നത് കൊണ്ടാണ്.
ആരൊക്കെയോ പറയുന്നുണ്ട് അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ് എന്ന്. താന്‍ കണ്ടിട്ടില്ല അങ്ങനെ. ദേഷ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് തക്കതായ കാരണം എന്തെങ്കിലും കാണും. അല്ലാതെ ദേഷ്യക്കാരനായി തോന്നുന്നില്ല. അദ്ദേഹത്തിന് അസുഖമാണെന്ന് കേട്ടപ്പോള്‍ ഭയങ്കര വിഷമമായി. പ്രാര്‍ത്ഥിക്കുന്നുണ്ട്, എല്ലാം ശരിയാവും. മോഹന്‍ലാലിനും മമ്മൂട്ടിക്കും പകരക്കാരില്ല. പൃഥ്വിരാജ് ആ സ്ഥാനത്ത് വരില്ല. അവരൊക്കെ അവരുടേതായ സ്ഥാനത്ത് പോകും', ലീല പറയുന്നു.