ജൂനിയർ എൻടിആറിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കാകുലരായി ആരാധകർ. ശരീരം നന്നെ മെലിഞ്ഞ രൂപത്തിലുള്ള ഏതാനും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇതിന് പിന്നാലെ ജൂനിയർ എൻ ടി ആറിന് എന്തോ ആരോഗ്യ പ്രശ്‌നമാണ് എന്ന തരത്തിൽ വാർത്തകളും വന്നു. വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സഹോദരൻ കല്യാൺ രാം പ്രചാരണത്തിൽ വ്യക്തത വരുത്തി.
ജൂനിയർ എൻടിആറിന് യാതൊരു തര ആരോഗ്യ പ്രശ്‌നങ്ങളുമില്ല. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫർമേഷനാണ് ഇത്. കടുത്ത ഡയറ്റും, വ്യായാമവും ചെയ്ത് 14 കിലോയോളം ജൂനിയർ എൻടി ആർ ശരീര ഭാരം കുറച്ചു. കഥാപാത്രത്തിന് അത് അത്യാവശ്യമായിരുന്നു. സിനിമയോടുള്ള കമ്മിറ്റ്‌മെന്റ് കാരണമാണ് നടൻ തടി കുറച്ചത്, അല്ലാതെ ആരോഗ്യ പ്രശ്‌നമല്ല എന്ന് കല്യാൺ രാം വ്യക്തമാക്കുന്നു.
തിട കുറയ്ക്കുന്നതിനായി ജൂനിയർ എൻടിആർ പൂർണമായും ഫാസ്റ്റ് ഫുഡ്ഡ് ഒഴിവാക്കി. കൂടുതൽ പച്ചക്കറികളും പഴ വർഗ്ഗങ്ങളും കഴിച്ചു. പഞ്ചസാര അടങ്ങിയ ജൂസ് സോഡ പോലുള്ള പാനീയങ്ങൾ ഒഴിവാക്കി വെള്ളവും ലോ-ഫാറ്റ് മിൽക്കും ശീലമാക്കി. മൂന്ന് നേരം മീൽസും രണ്ട് നേരം സ്‌നാക്‌സും കഴിക്കുമെങ്കിലും അത് ഓവറാകാതെ ശ്രദ്ധിച്ചു. സ്‌നാക്ക് നട്‌സോ ഫ്രൂട്‌സോ മാത്രമാണ്. ഇതിനൊപ്പം കൃത്യമായ വ്യായാമവും ചെയ്താണ് നടൻ 14 കിലോ കുറച്ചത്.