ലാൽ ജോസ്-ദിലീപ് കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ഹിറ്റ് സിനിമയാണ് മീശമാധവൻ. ദിലീപ്, കാവ്യ മാധവൻ, ജഗതി തുടങ്ങിയവർ അവിസ്മരണീയമാക്കിയ സിനിമ മലയാളത്തിൽ വമ്പൻ ഹിറ്റ് ആയിരുന്നു. 75 ദിവസത്തോളം സിനിമ തിയേറ്ററിൽ ഓടി. ഈ സിനിമ തമിഴിൽ റീമേക്ക് ചെയ്യാൻ അപ്പച്ചനും ലാൽ ജോസിനും പദ്ധതി ഉണ്ടായിരുന്നു. വിജയ് ആയിരുന്നു ഇവരുടെ നായകൻ. സിനിമയുമായി ലാൽ ജോസും അപ്പച്ചനും ചെന്നൈയിൽ വിജയ്‌യെ കാണാൻ ചെന്നു.
സിനിമ മുഴുവൻ കണ്ട വിജയ്ക്ക് പക്ഷെ മറ്റൊരു അഭിപ്രായം ആയിരുന്നു ഉണ്ടായിരുന്നത്. സിനിമ ഇഷ്ടപ്പെട്ടെങ്കിലും തന്നെ പോലെ ഒരു സ്റ്റാറിന് ചേർന്നതല്ല ഈ ചിത്രത്തിന്റെ ക്ളൈമാക്സ് എന്നായിരുന്നു വിജയ്‌യുടെ തീരുമാനം. ഒരു സ്റ്റാറിന് ചേർന്ന ക്ളൈമാക്സ് അല്ലെന്നും, പക്ഷെ ഒരു സ്റ്റാർ ആകാൻ പോകുന്ന ആൾക്ക് ചേർന്നതാണ് ഈ ക്ളൈമാക്സ് എന്നുമായിരുന്നു വിജയ് പറഞ്ഞത്. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം ഇപ്പോൾ തുറന്നു പറഞ്ഞത്.
'സിനിമ ഒരുപാട് നന്നായിട്ടുണ്ട്. പക്ഷെ ഇതിന്റെ ക്ളൈമാക്സ് എന്നെപ്പോലെ ഒരു സ്റ്റാറിന് പറ്റിയതല്ല. ഒരു സ്റ്റാറിന് ചെയ്യാൻ പറ്റിയ അത്രയും ഹെവിയല്ല ഇതിന്റെ ക്ളൈമാക്സ്. പക്ഷെ ഒരു സ്റ്റാർ ആകാൻ പോകുന്ന ഒരാൾക്ക് ഈ ക്ളൈമാക്സ് ഒക്കെയാണ്. എനിക്ക് ഈ ക്ളൈമാക്സ് പോരാ', എന്നായിരുന്നു വിജയ് പറഞ്ഞത്. അങ്ങനെ ആ റീമേക് നടക്കാതെ പോവുകയായിരുന്നു.