കുഞ്ഞച്ചന്റെ രണ്ടാം വരവ്, പ്രേക്ഷകരോട് മമ്മൂട്ടിക്ക് പറയാനുള്ളത് - വീഡിയോ കാണാം

വെള്ളി, 16 മാര്‍ച്ച് 2018 (10:04 IST)
ആവേശത്തോടെയാണ് ആരാധകര്‍ ആ വാര്‍ത്ത എറ്റെടുത്തത്. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബു ചിത്രം നിര്‍മ്മിക്കും. കുഞ്ഞച്ചന്റെ രണ്ടാംവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
 
ഒരു തലമുറ മുഴുവന്‍ ആഘോഷിച്ച സിനിമയാണ് കോട്ടയം കുഞ്ഞച്ചന്‍. അങ്ങനെയൊരു ചിത്രം രണ്ടാമതും വരുമ്പോള്‍, പ്രത്യേകിച്ചും സംവിധായകനും തിരക്കഥാക്രത്തും നിര്‍മാതാവും എല്ലാം യുവതലമുറ കൈകാര്യം ചെയ്യുമ്പോള്‍ ഉത്തരവാദിത്വം കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. 
 
കുഞ്ഞച്ചന്റെ രണ്ടാം വരവില്‍ മമ്മൂട്ടിക്കും അതുതന്നെയാണ് പറയാനുള്ളത്. ഒരുതലമുറ ആഘോഷിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നത് എല്ലാവര്‍ക്കും വലിയ ഉത്തരവാദിത്വമാണ് നല്‍കുന്നതെന്ന് മമ്മൂട്ടി പറയുന്നു. ‘എനിക്ക് മാത്രമല്ല, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. പ്രേക്ഷകര്‍ക്കുമുണ്ട് ഒരു ഉത്തരവാദിത്തം, ഈ സിനിമ നന്നായി കാണണം എന്നത്‘ - മമ്മൂട്ടി പറഞ്ഞു.
 
പ്രതീക്ഷകള്‍ ഒന്നും തെറ്റിക്കാതെ നിരാശപ്പെടുത്താത്ത ഒരു ചിത്രം മിഥുന്‍ ഒരുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. ആട് 2 വിന്റെ നൂറാം ദിന ആഘോഷ പരിപാടികള്‍ക്കിടെ സംസാരിക്കുകയായിരുന്നു മെഗാസ്റ്റാര്‍. മമ്മൂട്ടി വീണ്ടും കുഞ്ഞച്ചനായി തകര്‍ത്തുവാരാനൊരുങ്ങുന്ന സിനിമ ബിഗ് ബജറ്റിലായിരിക്കും ഒരുക്കുക.  
 
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും കോട്ടയം കുഞ്ഞച്ചന്‍ 2. മമ്മൂട്ടിയുടെ അച്ചായന്‍ വേഷങ്ങളില്‍ ഏറ്റവും തലപ്പൊക്കമുള്ള അച്ചായനെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ മിഥുന്‍ തന്നെയാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. എന്തായാലും ചങ്കൂറ്റത്തിന്‍റെ അവസാന വാക്കായ കുഞ്ഞച്ചന്‍ വീണ്ടും വരുമ്പോള്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍