Kishkindha Kaandam Review: ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത 'കിഷ്‌കിന്ധാ കാണ്ഡം' തിയറ്ററുകളില്‍. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബാഹുല്‍ രമേശ് ആണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ.
വളരെ സങ്കീര്‍ണമായ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലറില്‍ നിന്ന് തന്നെ വ്യക്തമാണ്. പതിഞ്ഞ താളത്തില്‍ തുടങ്ങി ഉദ്വേഗജനകമായ ത്രില്ലര്‍ സ്വഭാവത്തിലേക്ക് നീങ്ങുന്ന സിനിമയില്‍ അഭിനേതാക്കളുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുക. അശോകന്‍, ജഗദീഷ്, നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേശ്, മേജര്‍ രവി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മുജീബ് മജീദാണ് സംഗീതം.
കല്ലേപ്പത്തി എന്ന റിസര്‍വ് ഫോറസ്റ്റിനടുത്ത് നടക്കുന്ന കഥയാണ് സിനിമയുടേത്. വാനരന്‍മാരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ ഗംഭീര പ്രതികരണങ്ങളാണ് കിഷ്‌കിന്ധാ കാണ്ഡത്തിനു ലഭിക്കുന്നത്. അച്ഛന്‍-മകന്‍ ബന്ധത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കാനും ചിത്രത്തിനു സാധിച്ചിട്ടുണ്ടെന്ന് അരവിന്ദ് എന്ന പ്രേക്ഷകന്‍ കുറിച്ചു. ആസിഫ് അലി, വിജയരാഘവന്‍ എന്നിവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും ആദ്യ ഷോയ്ക്കു ശേഷം മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
ആദ്യ പകുതി സിനിമയുടെ പ്ലോട്ട് അവതരിപ്പിക്കലാണ്. ദുരൂഹതകള്‍ നിറഞ്ഞ കഥാഗതി. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നു. ഈ അടുത്ത കാലത്ത് കണ്ട മികച്ചൊരു മലയാള സിനിമയെന്നും മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു.
ആദ്യ ഷോയ്ക്കു ശേഷം ആസിഫ് അലിയുടെ പ്രകടനത്തെ പുകഴ്ത്തുന്ന നിരവധി പോസ്റ്റുകളാണ് ഫെയ്‌സ്ബുക്കിലും എക്‌സിലും കാണുന്നത്. ആസിഫിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്നു പോലും പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നു. തീര്‍ച്ചയായും തിയറ്ററുകളില്‍ തന്നെ കാണേണ്ട സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.