ഭാര്യയെ മറ്റൊരാൾക്ക് വിവാഹം കഴിച്ച് നൽകാം എന്നുവരെ ചിന്തിച്ചു; കവി രാജിന്റെ തുറന്നു പറച്ചിൽ

നിഹാരിക കെ.എസ്

വെള്ളി, 24 ഒക്‌ടോബര്‍ 2025 (17:50 IST)
മലയാള സിനിമയിലും സീരിയൽ രംഗത്തും ഒരുകാലത്ത് ഏറെ ആരാധകരുള്ള നടനായിരുന്നു കവി രാജ്. വില്ലൻ വേഷങ്ങളിൽ ഇദ്ദേഹം ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു. ഇപ്പോൾ ആത്മീയ പാതയിലാണ്. അമ്മയുടെ മരണത്തോടെയാണ് അദ്ദേഹം ആത്മീയ പാതയിൽ മുഴുകിയത്. 
 
ആത്മീയതയിലേക്ക് പോയപ്പോൾ വീട്ടിൽ ദാരിദ്ര്യം വന്നുവെന്നും ഭാര്യ പിണങ്ങി പോയിരുന്നതായും കവി രാജ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
'അമ്മയുടെ മരണ ശേഷം ആണ്ട് നടത്തുന്നത് വരെ ഞാൻ വിഷാദരോ​ഗം പോലെയുള്ള അവസ്ഥയിലായി. ഭാര്യ അന്ന് നിറ ​ഗർഭിണിയാണ്. അമ്മ മരിച്ച് അടുത്തയാഴ്ച അവൾ പ്രസവിച്ചു. സന്തോഷമാണെങ്കിലും ഞാൻ അമ്മയുടെ അടിയന്തരത്തിന്റെ തിരക്കുകളിലാണ്. ഒറ്റയ്ക്കാണ്. ആരും സഹായത്തിനില്ല. പ്രസവിക്കുമ്പോൾ ഞാൻ അടുത്ത് വേണമെന്ന് പറഞ്ഞു. വണ്ടി പിടിച്ച് പോയി. കുഞ്ഞിനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു.
 
കാവിയും ഷാളും നരയുമെല്ലാമായി അലഞ്ഞ് നടക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. ആ സമയത്ത് ഭാര്യ കുഞ്ഞിനെയും കൊണ്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് പോയി. പിന്നെ വന്നില്ല. ഞാൻ വീടും പൂട്ടി ഇറങ്ങി അലഞ്ഞു. ആത്മീയതയിലേക്ക് പോയപ്പോൾ വീട്ടിൽ ദാരിദ്ര്യം വന്നു. വർക്കില്ല. ഞാൻ അധികം ആരോടും സംസാരിക്കാത്ത ആളാണ്. ഭാര്യയോട് ഒട്ടും സംസാരിക്കാതായി. അങ്ങനെയാണ് അവൾ പോയത്. 
 
വീട് പൂട്ടി ഞാനും എന്റെ വഴിക്കങ്ങ് പോയി. പക്ഷെ ഭാര്യക്ക് തിരിച്ച് വരണമെന്ന് തോന്നി. ഞങ്ങൾ വീണ്ടും യോജിച്ചു. അതിന് ശേഷം ​ഗുരുനിർദ്ദേശ പ്രകാരം കാവി മാറ്റി. പക്ഷെ എന്നെ ഈ വേഷത്തിൽ കാണുമ്പോൾ പണ്ട് ചിരിച്ചവർ ചിരിക്കാതെ ആയി. അത് അവരുടെ മാനസിക വൈകല്യം,' കവി രാജ് പറഞ്ഞു.
 
സീരിയൽ താരത്തിൽ നിന്നും ആത്മീയ പാതയിലേക്കുള്ള മാറ്റം ഭാര്യയുടെ ബന്ധുക്കൾക്ക് ഉൾക്കൊള്ളാനായില്ലെന്നും കവിരാജ് പറഞ്ഞു. എന്റെ കൂടെ അവളെന്തിന് ജീവിക്കുന്നു, നല്ലൊരാളെ കിട്ടിയാൽ എന്റെ കൈകൊണ്ട് താലി എടുത്ത് കൊടുത്ത് അവളെ കല്യാണം കഴിപ്പിക്കാം എന്ന് ഞാൻ ആലോചിച്ച സമയത്താണ് ഭാര്യ തിരിച്ച് വരുന്നതെന്നു കവിരാജ് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍