ഇന്ത്യന്‍ 2 മുടങ്ങി, ചെലവ് കൂടിയപ്പോള്‍ നിര്‍മ്മാതാവ് പിന്‍‌മാറി; തേവര്‍മകന്‍റെ രണ്ടാം ഭാഗം ചെയ്യാന്‍ കമല്‍‌ഹാസന്‍ !

ശനി, 11 മെയ് 2019 (14:51 IST)
ഷങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’ മുടങ്ങി. ചിത്രത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി. ഈ സിനിമ ഉപേക്ഷിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ഈ സിനിമയില്‍ നിന്ന് പിന്‍‌മാറി.
 
ഷങ്കറിന്‍റെ മുന്‍‌ചിത്രമായ ‘2.o' വലിയ കളക്ഷന്‍ നേടിയ സിനിമയായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ബജറ്റ് അധികമായിരുന്നു എന്നതിനാല്‍ അതൊരു ലാഭകരമായ ചിത്രം ആയിരുന്നില്ല. ലൈക തന്നെയായിരുന്നു ആ സിനിമയും നിര്‍മ്മിച്ചത്.
 
‘ഇന്ത്യന്‍ 2’ ഒരു മികച്ച വിജയം നേടുന്ന ചിത്രമായിരിക്കും എന്ന ധാരണയിലാണ് ലൈക ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രീകരണം പുരോഗമിക്കുന്തോറും ഈ സിനിമയുടെ ബജറ്റ് റോക്കറ്റ് പോലെ കുതിച്ചുകയറി. അതോടെ ഇന്ത്യന്‍ 2ല്‍ നിന്നു പിന്‍‌മാറാന്‍ ലൈക തീരുമാനിക്കുകയായിരുന്നു.
 
എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഷങ്കര്‍ ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. കമല്‍ഹാസന്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലായതിനാല്‍ മേയ് 23ന് ശേഷം ഇന്ത്യന്‍ 2 വീണ്ടും ആരംഭിക്കാനാകുമെന്നാണ് ഷങ്കര്‍ കരുതുന്നത്. ലൈക പ്രൊഡക്ഷന്‍സുമായി ഇതുസംബന്ധിച്ച് ഷങ്കര്‍ വീണ്ടും ചര്‍ച്ച നടത്തിയേക്കും. ലൈക നിര്‍മ്മാണത്തിന് തയ്യാറല്ലെങ്കില്‍ മറ്റേതെങ്കിലും വലിയ കമ്പനിയെ സമീപിക്കാനാണ് ഷങ്കര്‍ ആലോചിക്കുന്നത്.
 
അതേസമയം, തേവര്‍ മകന്‍റെ രണ്ടാം ഭാഗം ചെയ്യാനുള്ള ആലോചനകളിലാണ് ഇപ്പോള്‍ കമല്‍ഹാസന്‍ എന്ന് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കമല്‍ തന്നെ ഈ ചിത്രം സംവിധാനം ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍