അന്ന് കല്‍പ്പനയുമായി വഴക്കിട്ടു; ചേച്ചിയുമായുള്ള ബന്ധത്തെ കുറിച്ച് ഉര്‍വശി

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (11:15 IST)
മലയാളികളുടെ പ്രിയനടിയാണ് ഉര്‍വശി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഉര്‍വശിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമ കരിയര്‍ ഏറെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഉര്‍വശിയുടെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല. നടന്‍ മനോജ് കെ.ജയനുമായുള്ള ആദ്യ വിവാഹവും അതിനുശേഷമുള്ള വിവാഹമോചനവും ഉര്‍വശിയെ എന്നും ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചാവിഷയമാക്കിയിരുന്നു. നടിമാരായ കലാരഞ്ജിനി, കല്‍പ്പന എന്നിവരാണ് ഉര്‍വശിയുടെ ചേച്ചിമാര്‍. കല്‍പ്പനയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും തങ്ങള്‍ വഴക്കടിക്കാന്‍ കാരണമായതിനെ കുറിച്ചും പഴയൊരു അഭിമുഖത്തില്‍ ഉര്‍വശി മനസ് തുറന്നിട്ടുണ്ട്. വളരെ വേദനയോടെയാണ് ഈ സംഭവത്തെ കുറിച്ച് ഉര്‍വശി വെളിപ്പെടുത്തിയത്. 
 
'ഞാനും കല്‍പ്പനയും തമ്മില്‍ ഇടയ്ക്കിടെ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അവള്‍ക്ക് ഭരിക്കാനായി ദൈവം കൊടുത്ത ലോകത്തിലെ ആദ്യ ആളാണ് ഞാന്‍. ഞങ്ങള്‍ കൊച്ചിലേ മുതല്‍ വക്കീലും ഗുമസ്തനും എന്ന് പറയുന്നതുപോലെ ആണ്. എന്റെ എല്ലാ കാര്യങ്ങളും അവള്‍ക്ക് അറിയാം. പല കാര്യങ്ങളിലും അവളാണ് തീരുമാനമെടുക്കുക. ഒരിക്കല്‍ അവള്‍ പറഞ്ഞതു കേള്‍ക്കാതെ ഞാന്‍ എന്റെ വ്യക്തി ജീവിതത്തില്‍ ഒരു തീരുമാനമെടുത്തതോടു കൂടി ഞങ്ങള്‍ അകല്‍ച്ചയിലായി. അവള്‍ക്ക് എന്നോട് പിണക്കമായി. മരിക്കുന്നതിനു മുന്‍പും ഈ പിണക്കമുണ്ടായിരുന്നു. ജനുവരി 26 നാണ് കല്‍പ്പന മരിക്കുന്നത്. 23 ന് മറ്റോ ഞാന്‍ തിരുവനന്തപുരത്ത് ഒരു പ്രോഗ്രാമിന് എത്തി. പ്രോഗ്രാം കഴിഞ്ഞ് എറണാകുളത്തെ വീട്ടില്‍ പോകണമെന്നും മോനെ അവിടെ ഒരാഴ്ച നിര്‍ത്തണമെന്നും ശിവന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു. ചേച്ചിയും അനിയത്തിയും തമ്മിലുള്ള പിണക്കമൊക്കെ പറഞ്ഞുതീര്‍ത്തേക്കണം എന്നും ശിവന്‍ ചേട്ടന്‍ പറഞ്ഞു. അമ്മയെ വിളിച്ച് ഞങ്ങള്‍ വരുന്നുണ്ടെന്ന് പറഞ്ഞു. കല്‍പ്പന ഹൈദരബാദില്‍ ആണെന്ന് അമ്മ പറഞ്ഞു. പിന്നെ 26 ന് ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ കാണുന്നത് കല്‍പ്പനയുടെ മൃതദേഹമാണ്,' ഉര്‍വശി വിതുമ്പികൊണ്ട് പറഞ്ഞു.
 
ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളെ പോലെ ആയിരുന്നു താനും കല്‍പ്പനയുമെന്ന് ഉര്‍വശി പറയുന്നു. ഒരു സമയത്ത് അവള്‍ പറയുന്ന ഡ്രസ് ഒക്കെയാണ് ഞാന്‍ ഇട്ടിരുന്നത്. പെട്ടന്ന് പേഴ്‌സണല്‍ ലൈഫില്‍ ഞാന്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തതോടെ കല്‍പ്പനയ്ക്ക് എന്നോട് പിണക്കമായി. അവളോട് ചോദിക്കാതെ ഞാന്‍ ആ കാര്യം ചെയ്തത് മാനസികമായി അവള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. അന്ന് ഞാന്‍ പറഞ്ഞിരുന്നത് കേട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ എന്നൊക്കെ അവള്‍ ചോദിക്കും. അതും പറഞ്ഞ് തങ്ങള്‍ പരസ്പരം വഴക്കടിക്കാറുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article