അങ്കിളിന്റെ പബ്ലിസിറ്റിക്കായി മുടക്കാൻ കയ്യിൽ കോടികളില്ല, ആകെയുള്ളത് മമ്മൂട്ടി എന്ന അത്ഭുതം! - ജോയ് മാത്യു പറയുന്നു

വ്യാഴം, 26 ഏപ്രില്‍ 2018 (12:45 IST)
നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന അങ്കിൾ റിലീസിന് തയ്യാറാവുകയാണ്. ജോയ് മാത്യുവിന്റേതാണ് തിരക്കഥ. ഷട്ടറിന് ശേഷം ജോയ് മാത്യു എഴുതുന്ന സിനിമയാണ് അങ്കിൾ. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. 
 
അങ്കിൾ, ഷട്ടറിനും മേൽ നിൽക്കുമെന്ന് ജോയ് മാത്യു അടുത്തിടെ തന്റെ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. ജോയ് മാത്യുവിന്റെ തിരക്കഥയും മമ്മൂട്ടിയുടെ അഭിനയവും ചേരുമ്പോൾ ചിത്രം ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ചിത്രത്തിന് സാധാരണ മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന, നൽകുന്ന പബ്ലിസിറ്റി ഇല്ല എന്നതാണ് പ്രത്യേകത. 
 
ചിത്രത്തിന് നല്ല പബ്ലിസിറ്റി നൽകണമെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട ഒരു ആരാധകന് ജോയ് മാത്യു നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘പടം നല്ലതാണെങ്കിൽ ജനങ്ങൾ ഏറ്റെടുക്കും... പക്ഷെ ഇപ്പോൾ പടത്തിനു പബ്ലിസിറ്റി കുറവാണ് mouth പബ്ലിസിറ്റി മാത്രം പോരാ പ്രൊഡക്ഷൻ ടീമിൽ നിന്നും പബ്ലിസിറ്റി ഉണ്ടാവണം.. പതിയെ ആളുകൾ കേറും പടം വൻവിജയവുമാകും... അതുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു‘ എന്നായിരുന്നു ആരാധകന്റെ കമന്റ്. 
 
എന്നാൽ, ‘Publicity ക്ക്‌ വേണ്ടി മുടക്കാൻ കോടികൾ എന്റെ കയ്യിലില്ല ആകെയുള്ളത്‌ ചെയ്യുന്ന ജോലിയോടുള്ള അതാർഥത. പിന്നെ മമ്മുട്ടി എന്ന അത്ഭുതവും‘ എന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി. ഏതായാലും അങ്കിൾ എന്ന സിനിമയെ സംബന്ധിച്ച് ജോയ് മാത്യു പറയുന്ന ഓരോ വാക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 
 
മമ്മൂട്ടിയുടെ ധൈര്യമാണ് ഈ സിനിമയെ ഒരു മമ്മൂട്ടി ചിത്രമാക്കി മാറ്റിയത്. വളരെയധികം ബുദ്ധിമാനായ ഒരാളാണ് മമ്മൂക്ക. സമൂഹത്തെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ആൾ. വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള ആൾ. അങ്കിളിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ ആയിരുന്നു. - ജോയ് മാത്യു പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍