ഏറെക്കാലമായി മലയാള സിനിമയിലുണ്ടെങ്കിലും അടുത്ത കാലത്തുമാത്രം മുന്‍നിരയിലേക്ക് എത്തിയ താരമാണ് ജോജു ജോര്‍ജ്ജ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ വളര്‍ന്ന് ഇന്ന് മലയാള സിനിമയില്‍ നായകനായി തിളങ്ങുന്നു. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ സൂപ്പര്‍ഹിറ്റുകളോടെ അടുത്ത സൂപ്പര്‍താരം താനാണെന്ന് തെളിയിക്കുക കൂടിയാണ് ജോജു.
അതേസമയം, ജോജുവിന്‍റെ ഉയര്‍ച്ച ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ബിജു മേനോനെയാണെന്നതാണ് ഇന്ന് മലയാളം ഇന്‍ഡസ്ട്രിയിലെ പരസ്യമായ രഹസ്യം. ബിജു മേനോന്‍ തിരക്കുകാരണം ഒഴിവാക്കുന്ന പല സിനിമകളും ഇന്ന് ജോജുവിലേക്കാണ് പോകുന്നത്. ബിജു മേനോനെ നായകനാക്കി പ്ലാന്‍ ചെയ്യുന്ന പല ചിത്രങ്ങളിലും ‘ജോജുവായാലും മതി’ എന്നൊരു നിലപാടിലേക്ക് നിര്‍മ്മാതാക്കളും സംവിധായകരും എത്തിയിരിക്കുന്നു.
ടേക്ക് ഓഫ് എന്ന വലിയ ഹിറ്റിന്‍റെ സംവിധായകന്‍ മഹേഷ് നാരായണന്‍ ഉടന്‍ ചെയ്യുന്ന ‘മാലിക്’ എന്ന ചിത്രത്തില്‍ ആദ്യം ബിജു മേനോനെയാണ് ഒരു പ്രധാന വേഷത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബിജുവിന് ഡേറ്റ് പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി. പകരം ആ കഥാപാത്രത്തെ അവതരിപ്പിക്കുക ജോജു ജോര്‍ജ് ആയിരിക്കും. മാലിക്കില്‍ നായകനാകുന്നത് ഫഹദ് ഫാസിലാണ്.
വമ്പന്‍ സംവിധായകര്‍ പലരും തങ്ങളുടെ പുതിയ സിനിമകളില്‍ ജോജുവിനെ നായകനായി നിശ്ചയിക്കുകയാണ്. നേരത്തേ ആയിരുന്നെങ്കില്‍ ഈ കഥാപാത്രങ്ങളെല്ലാം ബിജു മേനോനില്‍ എത്തിച്ചേരേണ്ടതാണ്. എന്തായാലു ബിജുവും ജോജുവും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.