മലയാളത്തിലെ ആദ്യ താരവിവാഹം എന്നു വിശേഷിപ്പിക്കാം ജയഭാരതിയും സത്താറും തമ്മിലുള്ള ബന്ധത്തെ. കെ.നാരായണന്‍ സംവിധാനം ചെയ്ത 'ബീന' എന്ന സിനിമയിലാണ് ജയഭാരതിയും സത്താറും ഒന്നിക്കുന്നത്. സത്താറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. അക്കാലത്ത് യുവാക്കളുടെ സ്വപ്‌ന നായികയായ ജയഭാരതിയുടെ നായകവേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സത്താര്‍ ഞെട്ടി. സിനിമയില്‍ 'നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. ഈ സിനിമയുടെ ഷൂട്ടിങ് വേളയില്‍ സത്താറും ജയഭാരതിയും തമ്മില്‍ അടുത്ത സൗഹൃദത്തിലായി. ഇരുവരും ഒന്നിച്ച് പിന്നെയും സിനിമകള്‍ ചെയ്തു. പിന്നീട് ആ ബന്ധം പ്രണയമായി.
1979 ലാണ് സത്താര്‍ ജയഭാരതിയെ വിവാഹം കഴിച്ചത്. കുടുംബജീവിതത്തിന്റെ തുടക്കമെല്ലാം ഇരുവരും നന്നായി ആസ്വദിച്ചു. താരതമ്യേന പുതുമുഖമായ സത്താര്‍ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞു. പല സിനിമകളില്‍ നിന്നും സത്താറിനെ ഒഴിവാക്കി. സത്താറിന്റെ കരിയര്‍ പിന്നോട്ടു പോയത് വ്യക്തിജീവിതത്തെയും ബാധിച്ചു. ജയഭാരതിയുമായുള്ള ബന്ധത്തിലും വിള്ളലേറ്റു. 1987 ലാണ് ജയഭാരതിയും സത്താറും വിവാഹമോചിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്.
ഈഗോയും വാശിയും ആണ് ജയഭാരതിയുമായുള്ള ബന്ധം തകരാന്‍ കാരണമെന്ന് പിന്നീട് സത്താര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോള്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായി എന്നാണ് സത്താര്‍ പറയുന്നത്. ജയഭാരതിയുടെ ചില ഇടപെടലുകള്‍ തന്റെ ഉള്ളിലെ ഈഗോയെ ഉണര്‍ത്തിയെന്നും അങ്ങനെയാണ് ബന്ധത്തില്‍ അകല്‍ച്ച വന്നതെന്നും സത്താര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.