'കുടുംബത്തിനു ചീത്തപ്പേര് വരുത്തും'; ഭ്രമയുഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി, നിയമ പോരാട്ടത്തിനു ഇറങ്ങിയിരിക്കുന്നത് കുഞ്ചമണ്‍ ഇല്ലം

രേണുക വേണു

ചൊവ്വ, 13 ഫെബ്രുവരി 2024 (09:34 IST)
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗ'ത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം ഫെബ്രുവരി 15 ന് റിലീസ് ചെയ്യാനിരിക്കെയാണ് കുഞ്ചമണ്‍ കുടുംബത്തിന്റെ നിയമ പോരാട്ടം. 'ഭ്രമയുഗ'ത്തിനു അനുവദിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും സിനിമയുടെ റിലീസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 
 
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന 'കുഞ്ചമന്‍ പോറ്റി' എന്ന കഥാപാത്രം തങ്ങളുടെ ഇല്ലവുമായി ബന്ധപ്പെട്ടതാണെന്നാണ് ഹര്‍ജിയിലെ വാദം. സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീര്‍ത്തിയെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
 
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ കുഞ്ചമണ്‍ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ 'ഭ്രമയുഗം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. എന്നാല്‍ ഈ കഥയിലെ നായകനായ 'കുഞ്ചമന്‍ പോറ്റി' എന്നു വിളിക്കുന്ന കഥാപാത്രം ദുര്‍മന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് കുടുംബത്തിനു സമൂഹത്തിന്റെ മുന്നില്‍ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഹര്‍ജിയിലെ വാദം.
 
മമ്മൂട്ടിയെ പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം സമൂഹത്തില്‍ ഒരുപാട് പേരെ സ്വാദീനിക്കാന്‍ സാധ്യതയുണ്ടെന്നും ചിത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നീക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍