അവതാറില്‍ നായകനാവേണ്ടിയിരുന്നത് ഞാന്‍, 18 കോടിയാണ് ഓഫർ ചെയ്തത്: ചിത്രത്തിന് പേര് നല്‍കിയതും താൻ ആണെന്ന് ഗോവിന്ദ

നിഹാരിക കെ.എസ്

തിങ്കള്‍, 10 മാര്‍ച്ച് 2025 (15:26 IST)
ലോക സിനിമ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ട ചിത്രമാണ് ജെയിംസ് കാമറൂണിന്‍റെ അവതാര്‍. പണ്ടോറ എന്ന സാങ്കല്‍പിക ഗ്രഹത്തിലേക്കുള്ള മനുഷ്യന്‍റെ അധിനിവേശത്തിന്‍റേയും അവിടുത്തെ ജനങ്ങളുടെ അതിജീവനത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് ലോകസ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തില്‍ നായകനാവാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് പറയുകയാണ് ബോളിവുഡ് താരം ഗോവിന്ദ.
 
പ്രധാന കഥാപാത്രമാകാൻ 18 കോടിയാണ് അവതാർ ടീം ഓഫർ ചെയ്തതെന്നും ഗോവിന്ദ വാദിക്കുന്നു. നായകന്‍ വിഗലാംഗനായതുകൊണ്ട് താന്‍ വേഷം നിരസിച്ചുവെന്നും ഗോവിന്ദ പറഞ്ഞു. ചിത്രത്തിന് അവതാര്‍ എന്ന പേര് നിര്‍ദേശിച്ചത് താനായിരുന്നുവെന്നും മുകേഷ് ഖന്നയുമായി നടത്തിയ പോഡ്​കാസ്​റ്റില്‍ ഗോവിന്ദ പറഞ്ഞു. 
 
'വർഷങ്ങൾക്ക് മുമ്പ് താൻ ഒരു സിഖ് വ്യവസായിക്ക് ചില ബിസിനസ് ആശയങ്ങൾ നൽകി. അത് വിജയിക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹം എനിക്ക് ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി. അദ്ദേഹം എന്നോട് ജെയിംസ് കാമറൂണിനൊപ്പം ഒരു സിനിമ ചെയ്യാനും ആവശ്യപ്പെട്ടു. കഥ കേട്ട ശേഷം ഞാനാണ് ആ സിനിമയ്ക്ക് അവതാർ എന്ന പേര് നിർദേശിച്ചത്.

ചിത്രത്തിലെ നായക കഥാപാത്രം വികലാംഗനാണെന്ന് കേട്ടപ്പോൾ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു. അദ്ദേഹം എനിക്ക് ഒരു പ്രധാന വേഷം ചെയ്യുന്നതിന് 18 കോടി വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടുണ്ടെന്നും ബോഡി പെയിന്റ് ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടു. ശരീരത്തില്‍ പെയിന്റ് ചെയ്താൽ താൻ ആശുപത്രിയിൽ ആയിരിക്കും,' ഗോവിന്ദ കൂട്ടിച്ചേര്‍ത്തു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍