Get-Set Baby Box Office: 'മാര്‍ക്കോ'യ്ക്കു ശേഷം തിയറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം 'ഗെറ്റ്-സെറ്റ് ബേബി' വന്‍ പരാജയത്തിലേക്ക്. റിലീസ് ചെയ്തു നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും വേള്‍ഡ് വൈഡ് കളക്ഷന്‍ രണ്ട് കോടിയിലേക്ക് എത്തിക്കാന്‍ ചിത്രത്തിനു സാധിച്ചിട്ടില്ല. സമീപകാലത്തെ ഉണ്ണി മുകുന്ദന്റെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ചിത്രം നീങ്ങിക്കൊണ്ടിരിക്കുന്നത്.
നാല് ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ 1.59 കോടി രൂപയാണ്. ഇന്ത്യ നെറ്റ് കളക്ഷന്‍ 1.42 കോടി. റിലീസ് ദിനം 29 ലക്ഷം മാത്രമാണ് ഇന്ത്യ ബോക്‌സ്ഓഫീസില്‍ നിന്ന് ഉണ്ണി മുകുന്ദന്‍ ചിത്രത്തിനു കളക്ട് ചെയ്യാന്‍ സാധിച്ചത്. രണ്ടാം ദിനം 45 ലക്ഷവും മൂന്നാം ദിനം 48 ലക്ഷവും കളക്ട് ചെയ്തു. എന്നാല്‍ നാലാം ദിനമായ ഇന്നലെ 20 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരില്‍ നിന്ന് ലഭിച്ച തണുപ്പന്‍ പ്രതികരണങ്ങള്‍ ബോക്സ്ഓഫീസിലും തിരിച്ചടിയായി. വലിയ വിജയമായ 'മാര്‍ക്കോ'യ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമായിട്ട് കൂടി ആദ്യദിനം വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാന്‍ ഗെറ്റ് - സെറ്റ് ബേബിക്കു സാധിച്ചില്ല. ഒരു ഇമോഷണല്‍-കോമഡി ഡ്രാമയായാണ് വിനയ് ഗോവിന്ദ് 'ഗെറ്റ് സെറ്റ് ബേബി' ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനോ തിയറ്ററില്‍ പിടിച്ചിരുത്താനോ ചിത്രത്തിനു സാധിച്ചിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ പ്രതികരണം.