എമ്പുരാന്‍ റിലീസ് ദിവസം സൂചന പണിമുടക്ക്; ആന്റണിക്കു 'ചെക്ക്' വയ്ക്കാന്‍ സുരേഷ് കുമാര്‍

രേണുക വേണു

ബുധന്‍, 26 ഫെബ്രുവരി 2025 (10:31 IST)
ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന എമ്പുരാന്റെ റിലീസ് ദിവസം തിയറ്റര്‍ സമരം വയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന. ജൂണ്‍ ഒന്ന് മുതലുള്ള സിനിമാ സമരത്തിനു മുന്നോടിയായി മാര്‍ച്ച് 27 നു സൂചന പണിമുടക്ക് നടത്താനാണ് നിര്‍മാതാക്കളുടെ സംഘടന ആലോചിക്കുന്നത്. നിര്‍മാതാവ് ജി.സുരേഷ് കുമാറാണ് ആന്റണി പെരുമ്പാവൂരിനെതിരായ നീക്കത്തിനു പിന്നില്‍. 
 
അതേസമയം സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെടുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ആന്റണിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും നിര്‍മാതാക്കളുടെ സംഘടനയില്‍ അഭിപ്രായമുണ്ട്. 
 
മലയാളത്തിലെ ഏറ്റവും വലിയ സിനിമയായാണ് 'എമ്പുരാന്‍' തിയറ്ററുകളിലെത്തുന്നത്. ഏകദേശം 100 കോടിക്കു മുകളില്‍ ചെലവിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഭീമമായ ചെലവില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യദിനം തന്നെ സിനിമാ സമരം നടത്തിയാല്‍ അത് ആന്റണി പെരുമ്പാവൂരിനു വലിയ തിരിച്ചടിയാകും. ഇത് മുന്നില്‍ കണ്ടാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നീക്കം. 
 
ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ചയ്ക്കു തയ്യാറല്ലെന്ന നിലപാടിലാണ് സുരേഷ് കുമാര്‍. ആന്റണി പറഞ്ഞ കാര്യങ്ങള്‍ ശരിയായില്ലെന്നും തിരുത്താന്‍ തയ്യാറാകണമെന്നുമാണ് സുരേഷ് കുമാറിന്റെ നിലപാട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍