തുടരെത്തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം ബോളിവുഡിനെ കരകയറ്റാൻ ഷാരൂഖ് ഖാൻ തന്നെ വേണ്ടിവന്നു. കരിയറിലെ ഏറ്റവും മോശം സമയത്തായിരുന്നു ഷാരൂഖും. അദ്ദേഹത്തിന് വമ്പൻ തിരിച്ചുവരവ് നൽകിയ സിനിമയായിരുന്നു പത്താൻ. 2023 ൽ പുറത്തിറങ്ങിയ ചിത്രം 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ആക്ഷൻ സ്പൈ ത്രില്ലറിൽ ജോൺ എബ്രഹാം, ദീപിക പദുക്കോൺ എന്നിവർക്കൊപ്പം സൽമാൻ ഖാനും അതിഥി വേഷത്തിലെത്തിയിരുന്നു.
ഇപ്പോഴിതാ പത്താൻ 2 ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്ര ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയെന്നും സിനിമയുടെ ഷൂട്ടിങ് അടുത്ത വർഷം തുടക്കത്തോടെ ആരംഭിക്കാനാണ് പദ്ധതിയുമെന്നാണ് റിപ്പോർട്ടുകൾ. പത്താൻ രണ്ടാം ഭാഗത്തിലൂടെ ഷാരൂഖ് - ദീപിക കോമ്പോ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്.
ശ്രീധർ രാഘവൻ, അബ്ബാസ് ടയർവാല എന്നിവർക്കൊപ്പമാണ് ആദിത്യ ചോപ്ര തിരക്കഥ പൂർത്തിയാക്കിയത്. സംഭാഷണമൊരുക്കുന്നതിന്റെ തിരക്കുകളിലാണ് തങ്ങളിപ്പോൾ എന്ന് അടുത്തിടെ ഒരു വേദിയിൽ തിരക്കഥാകൃത്ത് അബ്ബാസ് ടയർവാല പറഞ്ഞിരുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത സിദ്ധാർഥ് ആനന്ദിന് പകരം മറ്റൊരു സംവിധായകനാകും പത്താൻ 2 ഒരുക്കുക.