കട്ടപ്പനയിലെ ഋത്വിക് റോഷൻ കണ്ടവരാരും അതിലെ ദാസപ്പനെ മറക്കില്ല. എല്ലാ പ്രാവശ്യവും ചിരിപ്പിച്ച് കയ്യടി വാങ്ങിയ ധർമജൻ ഇത്തവണ മാറ്റിപ്പിടിച്ചു. ഒന്നു സെന്റിയായാലോ എന്നു ചിന്തിച്ച് കാണും. എന്തായാലും സിനിമ കണ്ട് ചിരിച്ച് ചിരിച്ച് മടുത്തവരെ കരയിപ്പിച്ച് വിസ്മയിപ്പിച്ചാണ് ധർമജൻ 'ഋത്വിക് റോഷനിൽ' നിറഞ്ഞ് നിൽക്കുന്നത്.
'എവിടെപ്പോയാലും നീ എന്നെ കൂടെ കൂട്ടുമല്ലോ, ചാകാൻ പോയപ്പോൾ മാത്രമെന്താടാ നീ വിളിക്കാഞ്ഞേ'... എന്ന ദാസപ്പന്റെ സങ്കടം നിറഞ്ഞ ചോദ്യം കണ്ണുനീരോടെയാണ് കാണികൾ സ്വീകരിച്ചത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവിൽ ധർമജൻ കരയിപ്പിച്ചുവെന്ന് തന്നെ പറയാം. വ്യത്യസ്തത വന്നപ്പോൾ പ്രേക്ഷകർ അത് അംഗീകരിച്ചതിന്റെ തെളിവായിരുന്നു തീയേറ്ററുകളിൽ നിന്നും ലഭിച്ച കയ്യടി.
ജീവിതത്തിൽ മറക്കാനാവാത്തത് എന്നല്ല നല്ല ചേർച്ചയായിട്ടുള്ള ക്യാരക്ടർ ആണിതെന്ന് ധർമജൻ പറയുന്നു. സിനിമ ഇറങ്ങിയ ദിവസം തീയേറ്ററുകളിൽ നല്ല തിരക്കുണ്ടായിരുന്നു. ആളുകളുടെ കൈയിൽ അത്യാവശ്യം ചില്ലറയൊക്കെയുണ്ട് സിനിമകാണാൻ. അതോടെ ടെൻഷൻ മാറി. ഇതൊരു വലിയ സിനിമയൊന്നുമല്ല. വളരെ കുറച്ചുപേർ മാത്രമുള്ള ചെറിയ നല്ല സിനിമ. ഈ ചില്ലറ പ്രശ്നത്തിന്റെ ഇടയിലും ഞങ്ങളുടെ സിനിമ പ്രേക്ഷകർ സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ധർമജൻ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു.