ഈ മാസത്തില്‍ മലയാളി പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഒരു ഹൊറര്‍ ത്രില്ലറാണ്. ഫെബ്രുവരി 15 നാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടി ചിത്രത്തിനു വെല്ലുവിളിയായി അഞ്ച് ദിവസം മുന്‍പ് ഇറങ്ങുന്ന ടൊവിനോ തോമസ് ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതാണ്.
ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ഫെബ്രുവരി ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. ജിനു വി എബ്രഹാമിന്റെ കഥയില്‍ ഡാര്‍വിന്‍ കുര്യാക്കോസാണ് സംവിധാനം. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം എത്തുന്നത്.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി.സംവിധാനം ചെയ്യുന്ന പ്രേമലു എന്ന ചിത്രവും ഫെബ്രുവരി ഒന്‍പതിനു തിയറ്ററുകളിലെത്തും. നസ്ലന്‍, മമിത എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബിജു മേനോനെ നായകനാക്കി റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന തുണ്ട് എന്ന ചിത്രം ഫെബ്രുവരി 16 നാണ് തിയറ്ററുകളിലെത്തുക. പൊലീസ് വേഷത്തിലാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന തലവനും ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ജിസ് ജോയ് ആണ് തലവന്റെ സംവിധാനം.