UA സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ഭ്രമയുഗത്തിന്റെ ദൈര്‍ഘ്യം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരിക്കും ചിത്രം എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നടക്കുന്ന ഒരു സംഭവത്തെ ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഭ്രമയുഗത്തില്‍.
തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സീസ് ഇട്ടിക്കോര എന്ന ജനപ്രിയ നോവലിലൂടെ ശ്രദ്ധേയനായ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.