ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു സാന്ദ്ര തോമസും വിജയ് ബാബുവും. ഇരുവർക്കുമെതിരെ യുവസംവിധായകൻ ജോൺ വർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഫ്രൈഡേ ഫിലിംഹൗസ് നിർമിച്ച അടി കപ്യാരേ കൂട്ടമണി എന്ന സിനിമയുടെ സംവിധായകനാണ് ജോൺ.
തന്റെ ചിത്രം തമിഴിൽ ചെയ്യാൻ ഉള്ള അവസരമാണ് നിർമാതാക്കൾ തകർത്തതെന്ന് ജോൺ കേരള കൗമുദിയോട് വ്യക്തമാക്കുന്നു. ചിത്രം തമിഴിൽ ചെയ്യാനായിരുന്നു പ്ലാൻ. തിരക്കഥ ഇഷ്ടപെട്ട ഫ്രൈഡെ ഫിലിംസ് മലയാളത്തിൽ ചെയ്യാമെന്ന് പറയുകയായിരുന്നു. ചിത്രം തമിഴിൽ ചെയ്യാമെന്ന് പറഞ്ഞെങ്കിലും കരാറിൽ അക്കാര്യം ഉണ്ടായിരുന്നില്ല. ചേർക്കാൻ വിട്ടുപോയതാണെന്നും തമിഴിൽ എടുക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും നിർമാതാക്കൾ വാക്കാൽ പറയുകയായിരുന്നുവെന്ന് ജോൺ പറയുന്നു.
പീന്നിട് ചിത്രീകരണത്തിന്റെ തിരക്കിനിടയിൽ സമയമില്ലാത്ത സമയത്ത് മറ്റൊരു കരാറിൽ താൻ ഒപ്പിട്ടെന്നും അതിൽ ചിത്രത്തിന്റേയും തിരക്കഥയുടെയും അവകാശം പൂർണമാക്കുന്നുവെന്നായിരുന്നു എഴുതിയിരുന്നതെന്നും ജോൺ പറയുന്നു. ആ സമയത്ത് താൻ അത് ശ്രദ്ധിച്ചിരുന്നില്ല. തമിഴിലെടുക്കാൻ നിർമാതാക്കളേയും താരങ്ങളെയും കിട്ടിയശേഷം ഫ്രൈഡെ ഫിലിംസുമായി സംസാരിച്ചപ്പോൾ 'ചിത്രം തമിഴിൽ ഞങ്ങൾ തന്നെ നിർമിച്ചോളാം' എന്നായിരുന്നു സാന്ദ്രയും വിജയ്‌യും പറഞ്ഞതെന്ന് ജോൺ വ്യക്തമാക്കുന്നു.