അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനു നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന് പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ താരം അയോധ്യയിലേക്ക് പോയില്ല. ഇക്കാരണത്താലാണ് ലാലിനെതിരെ ആര്‍എസ്എസ്, ബിജെപി അനുകൂല പ്രൊഫൈലുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ബഹിഷ്‌കരിക്കണമെന്നാണ് മിക്ക ബിജെപി, ആര്‍എസ്എസ് അനുകൂലികളും പറയുന്നത്. കേരളത്തിലെ ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നതെന്നും വിമര്‍ശനങ്ങളുണ്ട്. ഹിന്ദുക്കള്‍ മോഹന്‍ലാല്‍ സിനിമകള്‍ ഇനി കാണരുതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് ലാല്‍ ഇപ്പോള്‍. ഇക്കാരണത്താലാണ് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.