ബറോസ് റിലീസ് ചെയ്യുന്ന ദിവസത്തിനൊരു പ്രത്യേകതയുണ്ട്! അറിഞ്ഞപ്പോൾ മോഹൻലാൽ 'ദൈവമേ...' എന്ന് വിളിച്ചു

നിഹാരിക കെ എസ്

വെള്ളി, 15 നവം‌ബര്‍ 2024 (12:25 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ 25നാണ് ബറോസ് തിയേറ്ററുകളിലെത്തുക. ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്നാണ് മോഹൻലാൽ എന്ന നടൻ പിറന്നത്. മോഹന്‍ലാല്‍ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' പുറത്തിറങ്ങിയതും ഒരു ഡിസംബർ 25 നായിരുന്നു. ബറോസിന്റെ ദൃശ്യവിസ്മയ കാഴ്ചകൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സംവിധായകന്‍ ഫാസിലാണ് വീഡിയോയിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.
 
നടനായ ആദ്യസിനിമ ഇറങ്ങിയത് ഡിസംബർ 25. മറ്റൊരു ഡിസംബർ 25 ന് സംവിധായക കുപ്പായമണിയുന്ന ചിത്രവും റിലീസ് ആകുന്നു. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഈ കൗതുകം ചൂണ്ടിക്കാണിച്ചപ്പോള്‍ മോഹന്‍ലാല്‍ പോലും അതിശയിച്ചുപോയെന്നുമാണ് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളു'ടെ സംവിധായകന്‍ കൂടിയായ ഫാസില്‍ പറയുന്നത്. 1980 ഡിസംബര്‍ 25നായിരുന്നു നരേന്ദ്രനായി മോഹന്‍ലാല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
 
അതേസമയം. കഴിഞ്ഞ ദിവസം ബറോസിന്റെ ത്രിഡി ട്രെയ്‌ലര്‍ തിയേറ്ററുകളില്‍ പുറത്തിറങ്ങിയിരുന്നു. സൂര്യ ചിത്രം കങ്കുവയുടെ ഇടവേളയിലാണ് ബറോസിന്റെ ത്രീഡി ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. വലിയ വരവേല്‍പ്പ് തന്നെ ഈ ട്രെയിലറിന് ലഭിച്ചിട്ടുണ്ട്. അതിഗംഭീരമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ബറോസ് എന്ന് ഈ ട്രെയിലര്‍ ഉറപ്പ് നല്‍കുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍