കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായത് മമ്മൂട്ടി ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പറഞ്ഞ വാക്കുകൾ ആയിരുന്നു. “പണ്ട് ഞാൻ നിന്റെ വീട്ടിൽ വന്നാൽ അത് സൗഹൃദം. ഇന്നത് മത സൗഹാർദം ”- ബാലാചന്ദ്രൻ ചുള്ളിക്കാടിന്റെ വആട്‌സപ്പ് സന്ദേശത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
എന്നാൽ ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. മമ്മൂട്ടി നടത്തിയ പരാമർശം ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് തോന്നാൻ കാരണമുണ്ട്. ‘മമ്മൂട്ടിയെ പോലുള്ള ഒരാൾ നടത്തുന്ന സാമൂഹിക നിരീക്ഷണം പ്രത്യക്ഷമായ പ്രഭാവം ഉണ്ടാക്കും’ എന്നാണ് ചുള്ളിക്കാട് പറയുന്നത്.
‘ഷൂട്ടിങ്ങിനിടയിൽ ഇരുന്നപ്പോൾ മമ്മൂട്ടി പറഞ്ഞതാണ് അത്. ഇപ്പോഴത്തെ സാമൂഹിക സംഭവവികാസങ്ങളിൽ അദ്ദേഹത്തിനു വിഷമമുണ്ട്. ഞങ്ങൾക്കും വിഷമമുണ്ട്. ഞാനെന്റെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത ഒരു വാട്‌സ് ആപ്പ് മെസേജ് ആണ് വൈറലായത്. മമ്മൂക്ക എന്നോടു പറഞ്ഞത് ഒരു കുറിപ്പായി എഴുതിയപ്പോൾ ഞാൻ ആദ്യം അയച്ചു കൊടുത്തത് അദ്ദേഹത്തിനു തന്നെയായിരുന്നു. അദ്ദേഹം ചോദിച്ചത്, ഇതൊക്കെ എഴുതണോ എന്നായിരുന്നു. ഞാൻ പറഞ്ഞു, അതു വേണം. മമ്മൂക്കയുടെ ഉത്കണ്ഠ ഒരു തലമുറയെ മുഴുവനും പ്രതിനിധീകരിക്കുന്നുണ്ട്.
മമ്മൂട്ടിയെ പോലെ ഒരാൾ നടത്തുന്ന സാമൂഹിക നിരീക്ഷണം പ്രത്യക്ഷമായ പ്രഭാവം ഉണ്ടാക്കും. അത് ഉദ്ദേശിച്ചു തന്നെയാണ് ഞാൻ അങ്ങനെയൊരു കുറിപ്പെഴുതിയത്. ഷൂട്ടിനിടയിൽ മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോൾ വല്ലാതെ മനസിൽ കൊണ്ടു. ആ വാക്കുകൾ ജനങ്ങളെ അറിയിക്കണം എന്നു തോന്നി. അതുകൊണ്ടാണ് ആ കുറിപ്പെഴുതിയത്.
കോളജിൽ എന്റെ സീനിയർ ആയിരുന്നു മമ്മൂട്ടി. അദ്ദേഹം ലോ കോളേജിൽ പഠിച്ചിരുന്ന കാലത്താണ് ഞാൻ പരിചയപ്പെടുന്നത്. മമ്മൂക്ക ലോ കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു. പണ്ടു മുതലെ ഇടതുപക്ഷ സഹയാത്രികനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നാടു തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനു വേരുകളുള്ള നാടാണ്. ഞങ്ങളൊക്കെ കുട്ടിക്കാലം മുതലെ ഇടതുപക്ഷ അനുഭാവികളാണ്. അതിനു ഇപ്പോഴും ഒരു മാറ്റവുമില്ല.
മഹാരാജാസിൽ ജാതിയോ മതമോ ഒരിക്കലും ഒരു വിഷയമേ ആയിരുന്നില്ല. വിദ്യാർഥികൾ തമ്മിൽ രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടായിരുന്നു. മതങ്ങൾ സത്യത്തിൽ രാഷ്ട്രീയ പാർട്ടികളാണ്. അവർ പരോക്ഷമായി ഭരണത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരാണ്. മതങ്ങളും മതസംഘടനകളും കിങ് മെയ്ക്കേഴ്സ് ആണ്. വളഞ്ഞ വഴിയിലൂടെ ഭരണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് മതങ്ങൾ. സംഘടിത മതങ്ങളുടെ ലക്ഷ്യം രാഷ്ട്രീയ അധികാരമാണ്. അതിനുവേണ്ടി, മതപരമായ വേർതിരിവുകളും ജാതീയ വേർതിരിവുകളും അവർ പ്രയോജനപ്പെടുത്തും. അവർ സംഘടിതമായി അങ്ങനെ പ്രവർത്തിക്കുന്നതുകൊണ്ടാണ് രാഷ്ട്രീയം മതവൽക്കരിക്കപ്പെടുന്നത്'- ചുള്ളിക്കാട് വിശദീകരിച്ചു.