ഏറെ നാളുകൾക്ക് ശേഷം മലയാളം സിനിമയിൽ ആക്ഷൻ ഹീറോയായി തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളികളുടെ സ്വന്തം ബാബു ആൻ്റണി. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലാണ് ആക്ഷൻ ഹീറോയായി ബാബു ആൻ്റണി വീണ്ടും സ്ക്രീനിലെത്തുന്നത്. വളരെയേറെ പ്രതീക്ഷ നിറഞ്ഞ ചിത്രമായിരുന്നുവെങ്കിലും ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഒമർ ലുലുവിന് നേരെയും ചിത്രത്തിൻ്റെ ട്രെയ്‌ലറിന് നേരെയും ഉണ്ടായത്.
ഇപ്പോഴിതാ ടീസറിന് പിന്നിലെ കഥ വ്യക്തമാക്കിയിരിക്കുകയാണ് ബാബു ആൻ്റണി. സഹനടൻ വേഷങ്ങളിൽ ഞാൻ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെ ഒമർ ലുലുവാണ് എന്നെ വെച്ച് നായകനാക്കി സിനിമയെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. എന്തുകൊണ്ടാണ് ചിത്രത്തിന് പവർ സ്റ്റാർ എന്ന പേര് എന്ന് ചോദിച്ചപ്പോൾ ചേട്ടനാണ് സിനിമയുടെ പവർ എന്നാണ് ഒമർ പറഞ്ഞത്. ചിത്രത്തിൻ്റെ ഷൂട്ടിങ് പോലും ഒക്ടോബറിലാണ് തുടങ്ങുന്നത്. പക്ഷേ ടീസർ പുറത്തുവിട്ട് എല്ലാ തെറിയും കേട്ടത് ഒമറാണ്.
അത് ഒമറിൻ്റെ ഒരു മാർക്കറ്റിങ് ബ്രില്ല്യൻസ് എന്ന് തന്നെ പറയേണ്ടി വരും. നിങ്ങൾ കണ്ടത് സിനിമയിൽ ഉള്ള രംഗങ്ങളെ അല്ല. ടീസറിൽ കാണുന്ന രംഗങ്ങൾ രണ്ട് ദിവസം കൊണ്ട് ചുമ്മാ എഡിറ്റ് ചെയ്ത് ചെയ്തതാണ്. ഒമർ പറഞ്ഞു ടീസർ ആയി ഇത് കൊടുക്കാൻ. ഇവന്മാർ ടീസറൊന്നും മൈൻഡ് ചെയ്യത്തില്ല. അങ്ങനെയാണ് ട്രെയ്‌ലർ എന്ന പേരിൽ അത് പുറത്തുവന്നത്. ഒമറിൻ്റെ ഒരു ചങ്കൂറ്റമാണത്. ഒമർ വിമർശനങ്ങൾ ഒന്നും തന്നെ കാര്യമാക്കുന്നില്ല. അത്രയുമാണ് നടന്നത്. അതിൻ്റെ പേരിലാണ് ആളുകൾ ഇവിടെ കിടന്ന് ബഹളം വെയ്ക്കുന്നത്. ബാബു ആൻ്റണി പറഞ്ഞു.