ആ മമ്മൂട്ടി ചിത്രം കാരണം ഖത്തർ ജയിൽ കിടക്കേണ്ടി വന്നു: ദുരനുഭവം പറഞ്ഞ് നടൻ അശോകൻ

നിഹാരിക കെ എസ്

ബുധന്‍, 6 നവം‌ബര്‍ 2024 (10:24 IST)
തൊണ്ണൂറുകളിൽ തിരക്കുള്ള നടനായിരുന്നു അശോകൻ. മമ്മൂട്ടിക്കൊപ്പം അശോകൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി, അശോകൻ, സുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ചിത്രമായിരുന്നു പ്രണാമം. ചിത്രത്തിൽ അശോകന്റെ കഥാപാത്രം ഒരു ഡ്രഗ് അഡിക്ട് ആണ്. ഈ സിനിമ തനിക്ക് ഒരു ദിവസത്തെ ജയിൽ ജീവിതമാണ് സമ്മാനിച്ചതെന്ന് അശോകൻ പറയുന്നു. 
 
ചിത്രത്തിലെ തന്റെ സ്റ്റില്ലുകൾ പുറത്തുവന്നതിനെ തുടർന്ന് ഖത്തർ പോലീസ് തന്നെ അറസ്റ്റ് ചെയ്തത് അശോകൻ ഓർത്തെടുക്കുന്നു. ഡ്രഗ്സ് ഏജന്റ് ആണെന്ന് പറഞ്ഞ് ആരോ ഒറ്റിക്കൊടുക്കുകയായിരുന്നു. പിറ്റേന്ന് അനന്തരം എന്ന ചിത്രത്തിലെ തന്റെ സ്റ്റിൽ പാത്രത്തിൽ വന്നത് കണ്ടാണ് അവർ വിട്ടതെന്ന് അശോകൻ പറയുന്നു. പ്രണാമം എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ജയിലിൽ വരെ കിടക്കേണ്ടി വന്നുവെന്നാണ് അശോകൻ വിഷമത്തോടെ പറയുന്നത്.
 
സ്റ്റിൽ പുറത്തുവന്ന സമയം അശോകൻ നാട്ടിലായിരുന്നു. ഇതിന്റെ ഫോട്ടോ അവർക്ക് കിട്ടി. അശോകൻ പിന്നീട് ഖത്തറിൽ എത്തിയപ്പോൾ വിവരമറിഞ്ഞ് പോലീസ് ഇദ്ദേഹത്തെ റൂമിലെത്തി പിടിച്ച് കൊണ്ടുപോവുകയായിരുന്നു. ഒരു ദിവസം മുഴുവൻ ജയിലിലിട്ടു. ജയിലിൽ മുഴുവൻ ചൂട് ആണെന്ന് അശോകൻ പറയുന്നു. സഹനടൻ ഒരു പാകിസ്ഥാൻകാരൻ ആയിരുന്നുവെന്നും അശോകൻ പറഞ്ഞു. പിറ്റേന്ന് അനന്തരത്തിലെ ഫോട്ടോ കണ്ട് അവർ അശോകനെ വിട്ടയച്ചു. 
 
ഇന്ത്യൻ സിനിമയെന്നാൽ അവർക്ക് കമൽ ഹാസനും അമിതാഭ് ബച്ചനും ആയിരുന്നു. അശോകനെ കണ്ടതും പോലീസുകാർ ചിരിയോടെ, 'യു ഫ്രണ്ട് അമിതാഭ് ബച്ചൻ' എന്ന് ചോദിച്ചു. അമിതാഭ് ബച്ചനെ ജീവിതത്തിൽ കണ്ടിട്ടില്ലെങ്കിലും അങ്ങനെയെങ്കിലും തന്നെ വിടട്ടെ എന്ന് കരുതി അശോകൻ 'അതെ' എന്ന് മറുപടി നൽകി. രണ്ട് മണിക്കൂർ കഴിഞ്ഞ് പോലീസുകാർ അശോകനെ വിട്ടയച്ചു. എന്തിനാണ് പോലീസുകാർ തന്നെ അറസ്റ്റ് ചെയ്തതെന്ന് പോലും അറിയാതെയാണ് അശോകൻ ജയിലിൽ കഴിഞ്ഞത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍