ആശ ശരത്തിന്റെ ഫേസ്ബുക്ക് വീഡിയോ ലൈവ് കണ്ടവർ ഞെട്ടി. കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭർത്താവിനെ കാണുന്നില്ലെന്ന് അറിയിച്ചാണ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ പ്രേക്ഷകരും പരിഭ്രാന്തരായി. എന്നാൽ വിഡിയോ മുഴുവൻ കണ്ടതോടെ പരിഭ്രാന്തി ആകാംക്ഷയായി. പുതിയ ചിത്രം ‘എവിടെ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഈ ലൈവ്.
“കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും.
ആശാ ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി കെകെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എവിടെ’. സഞ്ജയ്– ബോബി കഥ എഴുതുന്ന ഈ ചിത്രത്തില്‍ ആശയുടെ ഭർത്താവിന്റെ വേഷത്തിൽ മനോജ് കെ. ജയൻ അഭിനയിക്കുന്നു. ഇതില്‍ മനോജ് അവതരിപ്പിക്കുന്ന സക്കറിയ എന്ന കഥാപാത്രത്തിന്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.