'അയാൾക്ക് നിന്നുകൊടുത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പറയുന്നത്, അലൻസിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് ഞാനാണ്'; വെളിപ്പെടുത്തലുമായി നടി രംഗത്ത്
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (17:27 IST)
കഴിഞ്ഞ ദിവസമായിരുന്നു നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് പേര് വെളിപ്പെടുത്താതെ നടി രംഗത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് താനാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് നടി ദിവ്യാ ഗോപിനാഥ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്.
പേരു വെളിപ്പെടുത്താതെ നടത്തിയ ആരോപണത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തനിക്കുനേരിട്ട ദുരനുഭവം വിവരിച്ച് ദിവ്യ രംഗത്തെത്തിയത്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറിൽ നിന്ന് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടിവന്നത്.
പേര് വെളിപ്പെടുത്താതെ പറഞ്ഞതിൽ പലരും വിമർശനം ഉന്നയിച്ചു, എന്നാൽ പേര് പറഞ്ഞാൽ നിങ്ങൾ അവൾക്ക് എന്താണെന്ന് നൽകാൻ പോകുന്നതെന്നും ദിവ്യ ചോദിക്കുന്നു. അവള് കടന്നുപോയ ഭീകരമായ വിഷമത്തിനിടയില്‍ നിന്നും തുറന്നു പറയുമ്പോൾ നിങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുമോ. ആ പ്രതിസന്ധി അതിജീവിക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ അവള് അഅഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടുകാരുടേയും സഹോദരങ്ങളുടേയും അടുത്ത സുഹൃത്തുക്കളോട് പോലും തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യം അവള് നേരിട്ടിട്ടുണ്ട്- ദിവ്യ പറയുന്നു.
ആ സെറ്റിൽ ഞാൻ പെൺകുട്ടികളെ ഉപയോഗിച്ചെന്ന് മറ്റ് സെറ്റുകളിൽ പോയി പറഞ്ഞപ്പോൾ അത് ഞാൻ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ അന്ന് അലൻസിയർ എന്നോട് മാപ്പ് പറഞ്ഞിരുന്നു. അറിയാതെ സംഭവിച്ചതാണെന്നും ഒരിക്കലും ആവര്‍ത്തിക്കില്ലെന്നും അലന്‍സിയര്‍ പറഞ്ഞപ്പോള്‍ അയാളുടെ പ്രായത്തെ ബഹുമാനിച്ചാണ് കൂടുതല്‍ നടപടികളിലേക്ക് കടക്കാതിരുന്നത്. എന്നാല്‍ മറ്റുപല സെറ്റുകളിലും അലന്‍സിയര്‍ പെണ്‍കുട്ടികളോട് ഇങ്ങനെ തന്നെ പെരുമാറുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ശക്തമായി പ്രതികരിച്ചെങ്കിലും അന്ന് താന്‍ നേരിട്ട ആ സംഘര്‍ഷം എന്താണെന്ന് അലന്‍സിയര്‍ മനസിലാക്കാന്‍ വേണ്ടിയാണ് തുറന്ന് എഴുതിയത്.
ഞാന്‍ അംഗമല്ലാത്ത താര സംഘടനയായ അമ്മയ്ക്ക് പരാതി നല്കിയാല് അമ്മ എന്റെയൊപ്പം നില്‍ക്കുമെന്ന് ഉറപ്പില്ലായിരുന്നു. അവരുടെ അംഗമായ ഒരു കുട്ടിക്ക് നേരിട്ട പ്രശ്നത്തില്‍ അമ്മയുടെ നിലപാട് കൃത്യമായി അറിയുന്ന ഒരാളാണ് ഞാന്‍. അതിന് ശേഷം ഡബ്ല്യൂസിസിയിൽ പോയി പരാതിപ്പെട്ടിരുന്നു. ശേഷം ജസ്‌റ്റിസ് ഹേമാ കമ്മീഷനിൽ പോയി പറയാൻ ശ്രമിച്ചു. അവർ ഒറ്റയ്‌ക്ക് വിളിച്ച് സംസാരിക്കാമെന്നും പറഞ്ഞിട്ടുണ്ടെന്നും ദിവ്യ വ്യക്തമാക്കി.
എല്ലാ സെറ്റുകളിലും അലൻസിയർ ഇങ്ങനെ തന്നെയാണ് പെരുമാറുന്നതെന്ന് അറിഞ്ഞതുകൊണ്ടാണ് ഞാൻ ഇങ്ങനെ തുറന്ന് എഴുതിയത്. ഇത്രയും വൃത്തികെട്ട ഒരു സ്വഭാവം ഈ മനുഷ്യനുണ്ടോ എന്ന് ആലോചിച്ചത് അതിലൂടെയാണെന്നും ശേഷം മീടൂ ക്യാമ്പെയ്‌ൻ വരികയും എഴുതുകയും ചെയ്യുകയായിരുന്നു. ഇത് ഡബ്ല്യുസിസിയുടെ പദ്ധതിയാണെന്നാണ് ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ എനിക്ക് സംഭവിച്ച കാര്യമാണ് എഴുതിയതെന്നും ദിവ്യ ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞു.