' ആ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു, ഒടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു'; നടി ഇന്ദ്രജയുടെ ജീവിതം

രേണുക വേണു

വ്യാഴം, 23 ജനുവരി 2025 (15:15 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഇന്ദ്രജ. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. 2007 ലാണ് ഇന്ദ്രജ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
 
ഇന്ദ്രജയുടെ വിവാഹവും വ്യക്തിജീവിതവും അധികം ആര്‍ക്കും അറിയില്ല. തമിഴ് ടെലിവിഷന്‍ നടനായ അബ്സാര്‍ ആണ് ഇന്ദ്രജയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വീട്ടില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു തങ്ങളുടേതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞിട്ടുണ്ട്. 
 
'അബ്സാറും ഞാനും സുഹൃത്തുക്കളായിരുന്നു. ആറ് വര്‍ഷത്തോളം അടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ആണ്. ഒരുമിച്ച് ജോലി ചെയ്തുള്ള അനുഭവമൊക്കെയുണ്ട്. അങ്ങനെയാണ് പ്രണയത്തിലാകുന്നത്. എന്റെ വ്യക്തിപരമായ തീരുമാനങ്ങളില്‍ ഇടപെടാത്ത ഒരാളാണ് അദ്ദേഹം. അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്നേഹവുമുള്ള വ്യക്തിത്വമാണ്. പരസ്പരം അടുത്തറിഞ്ഞാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്,' ഇന്ദ്രജ പറഞ്ഞു. 
 
മാതാപിതാക്കളുടെ പിന്തുണയില്ലാതെയാണ് അബ്സാറും ഇന്ദ്രജയും ജീവിതത്തില്‍ ഒന്നായത്. വീട്ടുകാര്‍ സമ്മതിക്കുമെന്ന് കരുതി കുറേകാലം കാത്തിരുന്നു. എന്നാല്‍, അത് നടന്നില്ല. പരമ്പരാഗത തുളു കുടുംബത്തില്‍ നിന്നുള്ള ആളാണ് ഇന്ദ്രജ. അബ്സാര്‍ ആകട്ടെ മുസ്ലിം. ഇതാണ് ഇന്ദ്രജയുടെ കുടുംബത്തിന്റെ എതിര്‍പ്പിന് പ്രധാന കാരണമായത്. വീട്ടുകാരുടെ പിന്തുണയില്ലാതെ വന്നപ്പോള്‍ തങ്ങള്‍ രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഇന്ദ്രജ പറഞ്ഞു. 
 
പുകവലിക്കുകയും കുടിക്കുകയും ചെയ്യാത്ത ഒരാളെ വിവാഹം കഴിക്കുക മാത്രമാണ് തന്റെ ആഗ്രഹമെന്നും അബ്സാര്‍ അത്തരത്തിലുള്ള ഒരാളാണെന്നും ഇന്ദ്രജ പറഞ്ഞു. ഞാന്‍ ഒരു സസ്യാഹാരിയായതിനാല്‍, നോണ്‍-വെജ് പാചകം ചെയ്യുന്നത് വീടിനുള്ളില്‍ നിരോധിക്കുമെന്ന് ഒരു ഉടമ്പടിയില്‍ അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ പുറത്ത് നിന്ന് ആര്‍ക്കും അത് എടുക്കാം എന്നും ഇന്ദ്രജ തമാശയായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍