ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ? എല്ലാം കള്ളക്കഥകൾ: ശ്രീനാഥ് ഭാസി

നിഹാരിക കെ.എസ്

ഞായര്‍, 11 മെയ് 2025 (18:05 IST)
ലഹരിയുമായി ചേർത്തുള്ള ആരോപണങ്ങൾ തന്നെ വ്യക്തിപരമായി ബാധിക്കുന്നുണ്ടെന്ന് നടൻ ശ്രീനാഥ് ഭാസി. സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ പേര് സ്ഥിരമായി ഉയർന്നുവരുന്നുവെന്നാണ് നടൻ പറയുന്നത്. മറ്റ് പണിയൊന്നും ഇല്ലാത്തവരും പ്രതിഫലം തരാൻ ബാക്കിയുള്ള നിർമാതാക്കളുമാണ് തനിക്കെതിരായ പ്രചാരണങ്ങൾക്ക് പിന്നിലെന്നും ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി ആരോപിച്ചു.
 
‘ജോലിയില്ലാത്തവരാണ് എനിക്കെതിരായ കഥകൾ ഇറക്കിവിടുന്നത്. ലഹരി അടിച്ചിട്ട് ക്യാമറയുടെ മുന്നിൽ വന്നുനിന്നാൽ ഈ പണി ചെയ്യാൻ പറ്റുമോയെന്ന് എനിക്ക് സംശയമുണ്ട്. ആരോപണങ്ങളിൽ അഭിപ്രായം പറയാനോ ചെവികൊടുക്കാനോ ഞാൻ നിൽക്കാറില്ല. അവ ശരിക്കും നിരാശപ്പെടുത്തുന്നതാണ്. ലഹരിയുമായി ചേർത്തുള്ള ആരോപണങ്ങൾ വ്യക്തിപരമായി ബാധിക്കുന്നുണ്ട്. എന്നെ ആക്രമിക്കാൻ എളുപ്പമാണെന്ന് കരുതുന്നു. 
 
ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ. അത് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ എല്ലാവർക്കും ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സെറ്റിൽ ആദ്യമായി വൈകി വന്ന ആൾ ഞാനാണെന്ന് എനിക്ക് തോന്നുന്നില്ല. സ്ഥിരമായി ഒരു പടത്തിന് വൈകി പോയിക്കഴിഞ്ഞാൽ അത് നടക്കില്ല. ആളുകൾ പറയുന്നതും വിചാരിക്കുന്നതും ആലോചിച്ചിരുന്നാൽ എനിക്ക് ജോലി എടുക്കാൻ പറ്റില്ല. പ്രൊഫഷണലായി നിന്നില്ലെങ്കിൽ പ്രൊഫഷനുണ്ടാവില്ല. എനിക്ക് പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്’ എന്നും നടൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍