അന്തിമ പട്ടികയില്‍ 'ആടുജീവിതം' വന്നിട്ടില്ലെന്നാണ് വിവരം. സ്വാഭാവികത പോരാ എന്നാണ് ജൂറിയില്‍ പലര്‍ക്കും ആടുജീവിതത്തെ കുറിച്ചുള്ള അഭിപ്രായം. പ്രാദേശിക ജൂറി പാനല്‍ തെന്നിന്ത്യയില്‍ നിന്ന് സമര്‍പ്പിച്ച പട്ടികയില്‍ 14 കാറ്റഗറികളില്‍ ഉണ്ടായിട്ടും അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ പൂര്‍ണമായി തഴയപ്പെട്ടതില്‍ മലയാള സിനിമ പ്രേമികള്‍ക്കു കടുത്ത നിരാശയുണ്ട്.
ജൂറി ചെയര്‍പേഴ്‌സണ്‍ അശുതോഷ് ഗൊവാരിക്കര്‍ ഗോവ ഫിലിം ഫെസ്റ്റിവലില്‍ ആടുജീവിതം കണ്ട ശേഷം നടത്തിയ പ്രതികരണം ഈ സമയത്ത് ചര്‍ച്ചയാകുകയാണ്. പുസ്തകത്തില്‍ നിന്ന് കടമെടുക്കുമ്പോള്‍ ഉണ്ടാകേണ്ടിയിരുന്ന സ്വാഭാവികത ആടുജീവിതത്തിനു ഇല്ലെന്നായിരുന്നു അന്നത്തെ വിമര്‍ശനം. ഇപ്പോള്‍ പ്രാദേശിക ജൂറിയില്‍ നിന്ന് ആടുജീവിതം മത്സരത്തിനു എത്തിയപ്പോഴും സമാന അഭിപ്രായമാണ് ജൂറി ചെയര്‍പേഴ്‌സണ്‍ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആടുജീവിതത്തിലെ 'പെരിയോനെ റഹ്‌മാനെ' എന്ന ഗാനം ആലപിച്ച ജിതിന്‍ രാജ്, വരികള്‍ രചിച്ച റഫീഖ് അഹമ്മദ് എന്നിവരുടെ പേരുകളും പ്രാദേശിക ജൂറി പ്രധാന ജൂറി പാനലിലേക്ക് അയച്ചിരുന്നു. എന്നാല്‍ വരികളുടെ അര്‍ത്ഥം ഇംഗ്ലീഷില്‍ കൃത്യമായി പരിഭാഷപ്പെടുത്തി നല്‍കിയില്ലെന്ന മുടന്തന്‍ ന്യായമാണ് ജൂറിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വിവരമുണ്ട്.