Prithviraj: 'ഞാൻ ഒരു മോഹൻലാൽ ഫാൻ': കജോളിനെ മോഹൻലാലിന്റെ ഐക്കോണിക്ക് ഡയലോഗ് പഠിപ്പിച്ച് പൃഥ്വിരാജ്

നിഹാരിക കെ.എസ്

ബുധന്‍, 30 ജൂലൈ 2025 (13:45 IST)
ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായ ബോളിവുഡ് ചിത്രമാണ് 'സര്‍സമീന്‍'. കാജോള്‍ ആണ് ചിത്രത്തിലെ പൃഥ്വിരാജിന്റെ നായിക. യുവതാരം ഇബ്രാഹിം അലി ഖാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്. ചിത്രത്തില്‍ പട്ടാളക്കാരനായാണ് പൃഥ്വിരാജ് എത്തുന്നത്. 
 
ഇപ്പോഴിതാ കാജോളിനെ മലയാളം പഠിപ്പിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ വൈറലാവുകയാണ്. സര്‍സമീനിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വീഡിയോയില്‍ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്. വീഡിയോയില്‍ രണ്ട് പേരോടും സ്വന്തം ഭാഷയില്‍ നിന്നുള്ള ഏതെങ്കിലും വാക്ക് പരസ്പരം പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
 
പിന്നാലെ 'മക്കളെ ഇതാണ് നമ്മുടെ അവസരം. കജോളിനെ മലയാളം പഠിപ്പിക്കാം' എന്നു പറഞ്ഞു കൊണ്ട് പൃഥ്വിരാജ് കളത്തിലേക്ക് ഇറങ്ങുകയാണ്. 'ഒരു ഫ്രേസ് പഠിപ്പിക്കാം. ഒരു നിബന്ധനയുണ്ട്. തോള്‍ ചെരിക്കണം. ഇടത്തേ തോള്‍ ഉയര്‍ത്തണം. എന്നിട്ട് എന്താ മോനേ ദിനേശാ എന്ന് പറയണം' എന്നാണ് പൃഥ്വിരാജ് കാജോളിനോട് ആവശ്യപ്പെടുന്നത്. 
 
കാജോള്‍ പൃഥ്വി നിര്‍ദ്ദേശിച്ചത് പോലെ തന്നെ ചെയ്യുന്നതും എന്താ മോനെ ദിനേശാ എന്ന് പറയുകയും ചെയ്യുന്നുണ്ട്. 'വാട്‌സ് അപ്പ് എന്ന അര്‍ത്ഥം വരുന്നൊരു പ്രയോഗമാണത്. മോഹന്‍ലാലിന്റെ വളരെ ഐക്കോണിക് ആയ ഡയലോഗ് ആണിത്. ഇതോടെ നിങ്ങള്‍ ഞാന്‍ അടക്കമുള്ള എല്ലാ മോഹന്‍ലാല്‍ ഫാന്‍സിന്റേയും ഗുഡ് ബുക്ക്‌സില്‍ ഇടം നേടിയിരിക്കുകയാണ്'' എന്നും പൃഥ്വിരാജ് കാജോളിനോടായി പറയുന്നുണ്ട്. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍