മമ്മൂട്ടി വേണ്ടെന്നുവച്ച സിനിമകളുടെ പട്ടികയെടുത്താല്‍ അത് മമ്മൂട്ടി അഭിനയിച്ച സിനിമകളേക്കാള്‍ കൂടുതലായിരിക്കും എന്ന് അടുത്തിടെ ആരോ തമാശ പറയുന്നത് കേട്ടു. ശരിയാണ്, പല കാരണങ്ങളാല്‍ ഒട്ടേറെ പ്രൊജക്ടുകള്‍ മമ്മൂട്ടി ഒഴിവാക്കിയിട്ടുണ്ട്. ആ കാരണങ്ങളെല്ലാം അദ്ദേഹത്തെ സംബന്ധിച്ച് ശരിയുമാണ്. അത്തരത്തില്‍ ഒഴിവാക്കിയ സിനിമകളില്‍ മറ്റ് താരങ്ങള്‍ അഭിനയിച്ചപ്പോള്‍ അവ തകര്‍ന്നുപോയ സംഭവങ്ങള്‍ ധാരാളമുണ്ട്. ആ കഥാപാത്രങ്ങളെ മറ്റു ചിലര്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ സംഭവങ്ങളുമുണ്ട്. സിനിമയാകുമ്പോള്‍ ഇതൊക്കെ സ്വാഭാവികമാണ്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസില്‍ ആദ്യം നായകനായി നിശ്ചയിച്ചത് മമ്മൂട്ടിയെയായിരുന്നു എന്ന് എത്രപേര്‍ക്ക് അറിയാം? മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്രമാക്കിയാണ് ആ കഥ തീരുമാനിച്ചത്. മമ്മൂട്ടി അവതരിപ്പിക്കുന്ന സുപ്പീയര്‍ പൊലീസ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കേസ് അന്വേഷണം നടത്തുന്ന യുവ പൊലീസ് ഓഫീസറുടെ വേഷമായിരുന്നു പൃഥ്വിരാജിന്. എന്നാല്‍ തന്‍റെ കഥാപാത്രത്തേക്കാള്‍ പൃഥ്വിയുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടെന്ന തോന്നല്‍ മമ്മൂട്ടിക്ക് ഉണ്ടായെന്നാണ് അക്കാലത്തെ പല റിപ്പോര്‍ട്ടുകളിലും പറയുന്നത്.
റഹ്‌മാന്, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മുംബൈ പൊലീസ് സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ മമ്മൂട്ടിയായിരുന്നു ആ സിനിമയില്‍ അഭിനയിച്ചിരുന്നതെങ്കില്‍ ഇന്‍ഡസ്ട്രി ഹിറ്റായി അത് മാറുമായിരുന്നു എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.