എം പത്മകുമാർ സംവിധാനം ചെയ്ത ‘മാമാങ്കം’ ഡിസംബർ 12നാണ് റിലീസ്. നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ഡയലോഗ് എഴുതിയിരിക്കുന്നത് സംവിധായകൻ റാം ആണ്. റാമിന്റെ പേരൻപ് എന്ന ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു കേന്ദ്രകഥാപാത്രം. പേരൻപിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടി റാമിനോട് മാമാങ്കത്തിന്റെ കഥ പറയുന്നത്.
‘അടിമയായി പിറന്ന് മരിക്കുന്നതിനായി ജനിക്കുന്നവരല്ല നമ്മൾ, ചാവേറായി പോരാടി മരിക്കുന്നവരാണ് നാം’ എന്ന ഡയലോഗ് തന്റെ മനസിൽ അന്നേ പതിഞ്ഞുവെന്ന് റാം പറയുന്നു. ചിത്രത്തിനായി തമിഴ് ഡയലോഗ് എഴുതാമോ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘കഴിയില്ല‘ എന്ന് തനിക്ക് പറയാനായില്ലെന്ന് റാം പറയുന്നു.
‘ഡയലോഗ് എഴുതാമോ എന്ന് മമ്മൂട്ടി സർ ചോദിച്ചപ്പോൾ ഇല്ല എന്ന് പറയാനായില്ല. ജീവിതത്തിൽ ഒരിക്കലും നോ പറയാൻ കഴിയാത്തവരിൽ ഒരാളാണ് മമ്മൂട്ടി സർ. എന്റെ ബിഗ് ബ്രദറാണ് അദ്ദേഹം. സ്നേഹം, കരുണ, ദേഷ്യം, കരുതൽ എല്ലാമുള്ള മൂത്ത സഹോദരൻ.‘