മലയാളത്തിലെ 5 'യുവ നടികര്‍' സംവിധായകര്‍, മോളിവുഡിന്റെ ഹിറ്റ് മേക്കേഴ്‌സാണ് ഈ താരങ്ങള്‍!

കെ ആര്‍ അനൂപ്

തിങ്കള്‍, 13 മെയ് 2024 (09:37 IST)
പൃഥ്വിരാജ്
 
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നായകനായി അരങ്ങേറ്റം കുറിച്ച് 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം ആദ്യചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ ആയിരുന്നു ആദ്യ സംവിധാന സംരംഭം. ബ്രോ ഡാഡി എന്ന മോഹന്‍ലാല്‍ ചിത്രവും ചെയ്തു. ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്.

ബേസില്‍ ജോസഫ് 
 
വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി കരിയര്‍ ആരംഭിച്ച ബേസില്‍ ജോസഫ് ചെറിയ വേഷങ്ങളായിരുന്നു തുടക്കത്തില്‍ ചെയ്തത്.2015ല്‍ പുറത്തിറങ്ങിയ കുഞ്ഞുരാമായണം ആണ് ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് ഗോദ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളും ചെയ്തു. നടനെന്ന നിലയില്‍ നിരവധി അവസരങ്ങളാണ് ബേസിലിന് മുന്നില്‍.
 
വിനീത് കുമാര്‍
 
വിനീത് കുമാര്‍ ബാലതാരമായി സിനിമയിലെത്തിയ നടനാണ്. നിരവധി ചിത്രങ്ങളില്‍ നായകനായി തിളങ്ങി. 2015ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി 
അയാള്‍ ഞാനല്ല എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു .പിന്നീട് ടോവിനോ തോമസിനെ നായകനാക്കി ഡിയര്‍ ഫ്രണ്ട് എന്ന ചിത്രവും ഒരുക്കി. തുടര്‍ന്ന് ദിലീപിന്റെ പവി കെയര്‍ടേക്കര്‍ എന്ന സിനിമയാണ് വിനീത് ഒടുവിലായി സംവിധാനം ചെയ്തത്. 
 
സിദ്ധാര്‍ത്ഥ് ഭരതന്‍
 
സിദ്ധാര്‍ത്ഥ് ഭരതന്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തിലേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്തത്. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണത്തില്‍ ആശങ്ക, ചതുരം, ജിന്ന് തുടങ്ങിയ സിനിമകള്‍ തുടര്‍ന്ന് സംവിധാനം ചെയ്തു. ഭ്രമയുഗം എന്ന ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്.
 
വിനീത് ശ്രീനിവാസന്‍ 
 
2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍ എന്ന സിനിമയിലൂടെയാണ് വിനീത് ശ്രീനിവാസന്‍ ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. ഗായകന്‍ എന്ന നിലയിലും അതിനുമുമ്പ് തന്നെ പേരെടുത്തിരുന്നു. 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. 6 ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അഭിനയരംഗത്തും അദ്ദേഹം സജീവമാണ്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍