2012 പൃഥ്വിരാജിന് അത്ര സന്തോഷം നല്‍കിയ ഒരു വര്‍ഷമായിരുന്നില്ല. മലയാളത്തില്‍ ‘അയാളും ഞാനും തമ്മില്‍’ മാത്രമാണ് രക്ഷപ്പെട്ടത്. ഏറെ കൊട്ടിഘോഷിച്ചെത്തിയ ഹിന്ദിച്ചിത്രം ‘അയ്യാ’ ബോക്സോഫീസില്‍ തവിടുപൊടിയാകുകയും ചെയ്തു.
എന്നാല്‍ വരുന്ന വര്‍ഷം ഗംഭീരമാക്കാന്‍ തന്നെയാണ് പൃഥ്വിയുടെ തീരുമാനം. നല്ല തിരക്കഥകള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് താരം. ഹിന്ദിയില്‍ അഞ്ചോളം പ്രൊജക്ടുകളുണ്ട്. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘മുംബൈ പൊലീസ്’ ആണ് അടുത്ത വര്‍ഷം പൃഥ്വിയുടെ ഏറ്റവും വലിയ പ്രതീക്ഷ.
2013 മേയ് മൂന്നിനാണ് ‘മുംബൈ പൊലീസ്’ റിലീസാകുന്നത്. ഈ സിനിമയിലൂടെ മലയാളത്തില്‍ തന്‍റെ താരപദവി ഉറപ്പിച്ചുനിര്‍ത്താനാണ് പൃഥ്വി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മുംബൈ പൊലീസ് പൃഥ്വിയുടെ കരിയറിലെ നിര്‍ണായക സിനിമയായിരിക്കും.
2012 ല്‍ ‘കാസനോവ’ എന്ന ദയനീയ പരാജയചിത്രം സമ്മാനിച്ച ടീം ആണ് ‘മുംബൈ പൊലീസ്’ ഒരുക്കുന്നത് എന്നതാണ് ശ്രദ്ധേയം. സഞ്ജയ് - ബോബി ടീം ആണ് തിരക്കഥ. കാസനോവയുടെ ക്ഷീണം തീര്‍ക്കാന്‍ ഒരു മെഗാഹിറ്റാണ് മുംബൈ പൊലീസിലൂടെ റോഷന്‍ ആന്‍ഡ്രൂസ് ലക്‍ഷ്യം വയ്ക്കുന്നത്.
മുംബൈ പൊലീസില്‍ പൃഥ്വിക്ക് പുറമേ ജയസൂര്യ, റഹ്‌മാന്‍ എന്നിവരും താരങ്ങളാണ്. ജനുവരി 10ന് കൊച്ചിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഒരു പ്രവാസി മലയാളി നിര്‍മ്മിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ സിനിമ സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്.