“അനന്യയോ? അതാരാ...? ഞാന്‍ കേട്ടിട്ടുപോലുമില്ല” - മാധവന്‍

Webdunia
ശനി, 5 മാര്‍ച്ച് 2011 (15:30 IST)
PRO
മാധവന്‍ ചിരിക്കുകയാണ്. താനറിയാതെ തന്‍റെ പേരില്‍ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കപ്പെടുന്നതിനെപ്പറ്റി ആലോചിച്ചിട്ട് മാധവന് ചിരിയടക്കാന്‍ പറ്റുന്നില്ല. അതും ഒരു മലയാളി നടിയുടെ നായകനായി ഹിന്ദിച്ചിത്രത്തില്‍ അഭിനയിക്കുന്നു എന്നൊക്കെ വാര്‍ത്ത വരുന്നത് കുറച്ചു കടന്നുപോയെന്നാണ് മാധവന്‍റെ അഭിപ്രായം.

മാധവന്‍റെ നായികയായി അനന്യ ഹിന്ദിയില്‍ അരങ്ങേറുന്നതായി കഴിഞ്ഞ ദിവസം മലയാളം വെബ്ദുനിയയും റിപ്പോര്‍ട്ടു ചെയ്തിരുന്നു. അങ്ങനെ ഒരു പ്രൊജക്ടിനെപ്പറ്റി അനന്യ സൂചിപ്പിച്ചതോടെയാണ് വാര്‍ത്ത നല്‍കാന്‍ മലയാളം വെബ്ദുനിയ തയ്യാറായത്. എ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാധവന്‍ - അനന്യ ജോഡി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അങ്ങനെയൊരു പ്രൊജക്ടേയില്ല എന്നാണ് മാധവന്‍ പറയുന്നത്.

“ആരാണ് ഈ അനന്യ? ആരാണ് ഈ എ മേനോന്‍? എനിക്കവരെ അറിയുകയേയില്ല. രാം ഗോപാല്‍ വര്‍മയുടെ ഒരു അസിസ്റ്റന്‍റും എന്‍റയടുത്ത് കഥ പറഞ്ഞിട്ടില്ല. ആരുടെയോ ഭാവനയില്‍ വിടര്‍ന്ന വാര്‍ത്ത വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നു” - മാധവന്‍ വ്യക്തമാക്കി.

“രണ്ട് ഹിന്ദിച്ചിത്രങ്ങളാണ് ഉടന്‍ ചെയ്യാന്‍ വേണ്ടി എന്‍റെ പരിഗണനയിലുള്ളത്. അതേക്കുറിച്ചുപോലും കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഒന്നും വെളിപ്പെടുത്താനാവില്ല. ലിംഗുസാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘വേട്ടൈ’ മാത്രമാണ് ഞാന്‍ കമ്മിറ്റ് ചെയ്തിട്ടുള്ളത്.” - മാധവന്‍ പറയുന്നു.

ആദ്യം സമ്മിശ്ര അഭിപ്രായങ്ങള്‍ ഉയര്‍ന്ന ‘തനു വെഡ്സ് മനു’ പതിയെ സൂപ്പര്‍ ഹിറ്റായി മാറുന്നതിന്‍റെ സന്തോഷത്തിലാണ് മാധവന്‍. ആദ്യവാരം 20 കോടിയോളം രൂപയാണത്രെ ഈ സിനിമ കളക്ഷന്‍ നേടിയത്.