‘മര്‍മ്മയോഗി’യില്‍ പത്മപ്രിയ ?

Webdunia
PROPRO
ഒടുവില്‍ ഭാഗ്യം പത്മപ്രിയയെ തുണച്ചോ, 'ദശാവതാര'ത്തിന്‌ ശേഷം കമലാഹാസന്‍ ഒരുക്കുന്ന 'മര്‍മ്മയോഗി'യില്‍ നായികയാവാന്‍ പത്മപ്രിയക്ക്‌ അവസരം ലഭിച്ചു എന്നാണ്‌ കോളിവുഡില്‍നിന്നുള്ള വാര്‍ത്ത.

ബോളിവുഡ്‌ സുന്ദരി കാജോളിനെ ആയിരുന്നു ആദ്യം കമല്‍ തേടിയിരുന്നത്‌. കാജോളിന്‍റെ സമയ കുറവ്‌ മൂലം ‘ശിവജി’ നായിക ശ്രീയ സരണ്‍ പോലും പരിഗണിക്കപ്പെട്ടിരുന്നു. ‘ദശാവതാര’ത്തിലെ നായിക അസിന്‌ വീണ്ടും കമലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കും എന്നും കേട്ടിരുന്നു.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മലയാളി സുന്ദരി നയന്‍ താര പോലും കമലിന്‍റെ പട്ടികയില്‍ ഉണ്ടായിരുന്നു അത്രേ. ചരിത്ര സിനിമയയായ മര്‍മ്മയോഗിക്ക്‌ വേണ്ടി പത്തുമാസത്തെ സമയം തുടര്‍ച്ചയായി വേണ്ടി വരും എന്നതാണ്‌ തിരക്കുള്ള ഈ സുന്ദരിമാര്‍ക്ക്‌ വിനയായത്‌. ഒടുവില്‍ ഭാഗ്യം പത്മപ്രിയയുടെ പടിവാതിലില്‍ എത്തി നില്‍ക്കുന്നു എന്നാണ്‌ അറിയുന്നത്‌.

പത്മപ്രിയയോ കമലാഹാസനോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ‘ദശാവതാര’ത്തെ പോലെ തന്നെ ‘മര്‍മ്മയോഗി’യെ കുറിച്ചും നിറം പിടിപ്പിച്ച നിരവധി കഥകള്‍ കോളിവുഡില്‍ പ്രചരിക്കുന്നുണ്ട്‌.

ബോളിവുഡിന്‍റെ ‘ബിഗ്‌ ബി’ അമിതാഭ്‌ ബച്ചനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കമല്‍ ശ്രമിക്കുന്നു എന്നതാണ്‌ ഇതിലൊന്ന്‌. ‘ശിവജി’യില്‍ അമിതാഭിനെ അഭിനയിപ്പിക്കാന്‍ രജനികാന്ത്‌ ശ്രമിച്ചിരുന്നു.

ആറാംനൂറ്റാണ്ടിലെ കഥയാണ്‌ ‘മര്‍മ്മയോഗി’യിലൂടെ കമല്‍ പറയുന്നത്‌. സിനിമയിലെ യുദ്ധ സീക്വന്‍സുകള്‍ സ്വിറ്റ്‌സര്‍ലാന്റിലായിരിക്കും ചിത്രീകരിക്കുക എന്നറിയുന്നു. കോളിവുഡില്‍ ആദ്യമായി ‘റെഡ്‌ വണ്‍ ’ ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകതയും ‘മര്‍മ്മയോഗി’ക്ക്‌ ഉണ്ട്‌. സാക്ഷാല്‍ എ ആര്‍ റഹ്മാനാണ്‌ സംഗീതം ഒരുക്കുന്നത്‌.