‘പ്രണയം’ ഉടന്‍ വരില്ല, ലാലിന്‍റെ ഡേറ്റ് പ്രശ്നം

Webdunia
ശനി, 2 ഏപ്രില്‍ 2011 (14:14 IST)
PRO
ഭ്രമരത്തിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘പ്രണയം’ ഉടനെങ്ങും പ്രദര്‍ശനസജ്ജമാകില്ല. മോഹന്‍ലാലിന്‍റെ ഡേറ്റ് തന്നെയാണ് ബ്ലെസിക്ക് പ്രശ്നമായിരിക്കുന്നത്. മൂന്ന് സിനിമകളുടെ ചിത്രീകരണത്തിന് ശേഷമേ പ്രണയത്തിന് നല്‍കാന്‍ ലാലിന് ഡേറ്റുള്ളൂ.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അറബിയും ഒട്ടകവും പി മാധവന്‍ നായരും, റോഷന്‍ ആന്‍ഡ്രൂസിന്‍റെ കാസനോവ, സത്യന്‍ അന്തിക്കാടിന്‍റെ ചിത്രം എന്നിവയ്ക്ക് ശേഷമേ പ്രണയത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കൂ.

“പ്രണയത്തിന്‍റെ കഥയെക്കുറിച്ച് ഒന്നും ചോദിക്കരുത്. കാരണം ഒന്നോ രണ്ടോ ഷെഡ്യൂളില്‍ തീരുന്ന ചിത്രമല്ലിത്. മോഹന്‍ലാലിന്‍റെ ഡേറ്റ് തന്നെയാണ് പ്രധാന പ്രശ്നം. പ്രിയദര്‍ശന്‍റെയും റോഷന്‍ ആന്‍ഡ്രൂസിന്‍റെയും സിനിമകള്‍ക്ക് ശേഷമേ അദ്ദേഹത്തെ ഇനി ലഭിക്കുകയുള്ളൂ. അത്രയും ദീര്‍ഘമായ ഒരു കാലയളവ് ശേഷിക്കെ സിനിമയുടെ കഥ നേരത്തേ പറയാനാവില്ല. അതുകൊണ്ടാണ് കഥയുടെ കാര്യത്തില്‍ ഒരു രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത്” - ബ്ലെസി പറയുന്നു.

ഒരു സാഹിത്യകാരനായാണ് മോഹന്‍ലാല്‍ പ്രണയത്തില്‍ അഭിനയിക്കുന്നത്. നരച്ച്, കഷണ്ടി കയറിയ ഗെറ്റപ്പാണ് ചിത്രത്തില്‍ ലാലിന്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ സുഹൃത്ത് അച്യുതമേനോനായി അനുപം ഖേര്‍ അഭിനയിക്കുന്നു. ജയപ്രദയാണ് മറ്റൊരു പ്രധാന താരം.