‘പുലി’യുടെ റിലീസ് മാറ്റി, ഇളയദളപതിയുടെ നിയന്ത്രണം വിട്ടു!

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (17:08 IST)
വളരെ ശാന്തപ്രകൃതനാണ് ഇളയദളപതി വിജയ്. ആരോടും ദേഷ്യപ്പെടില്ല. എപ്പോഴും ഒരു പുഞ്ചിരി ഒളിഞ്ഞിരിക്കുന്ന മുഖഭാവം. വളരെ സ്നേഹപൂര്‍വമുള്ള പെരുമാറ്റം. എല്ലാവരെയും കെയര്‍ ചെയ്യുന്ന പ്രകൃതം. സംവിധായകനോ സഹതാരങ്ങള്‍ക്കോ നിര്‍മ്മാതാവിനോ സങ്കേതിക വിദഗ്ധര്‍ക്കോ തന്നേക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ള നടന്‍.
 
എന്നാല്‍ ഈയിടെ ഇളയദളപതിക്കുപോലും തന്‍റെ നിയന്ത്രണം വിട്ടതായി കോടമ്പാക്കത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. അത് ‘പുലി’ എന്ന പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ്. സെപ്റ്റംബര്‍ 17നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സംവിധായകന്‍ ചിമ്പുദേവന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബര്‍ ഒന്നിനുമാത്രമേ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയൂ എന്നതാണ്.
 
വിജയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് പുലി. ചിത്രത്തിന്‍റെ ടീസറും ട്രെയിലറുമൊക്കെ ആരാധകരില്‍ വന്‍ പ്രതീക്ഷയാണ് ഉണര്‍ത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 17നായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അവര്‍ക്കുള്ള ഇരുട്ടടിയായി ഈ റിലീസ് മാറ്റം. അതുമനസിലാക്കിയ വിജയ് നിയന്ത്രണം നഷ്ടപ്പെട്ട രീതിയില്‍ സംവിധായകന്‍ ചിമ്പുദേവനോട് തട്ടിക്കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കാന്‍ കഴിയില്ലെന്ന് സംശയമുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ സെപ്റ്റംബര്‍ 17 എന്ന റിലീസ് ഡേറ്റ് എന്തിന് പ്രഖ്യാപിച്ചു എന്നായിരുന്നത്രേ വിജയുടെ ചോദ്യം. ഒരു ബിഗ് ബജറ്റ് സിനിമയുടെ റിലീസ് ഡേറ്റ് പെട്ടെന്ന് മാറ്റുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടങ്ങള്‍ കൂടി ബോധ്യപ്പെട്ടതോടെയാണത്രേ വിജയ് സംവിധായകനുനേരെ ‘പുലി’യായി മാറിയത്!