‘ട്രാഫിക്ക്’ എന്ന മലയാളം സൂപ്പര്‍ഹിറ്റിന്‍റെ തമിഴ് റീമേക്ക് ചിത്രീകരണം ആരംഭിക്കുകയാണ്. മലയാളം ട്രാഫിക്കില്‍ അനൂപ് മേനോന്‍ അവതരിപ്പിച്ച പൊലീസ് കമ്മീഷണര്‍ കഥാപാത്രത്തെ തമിഴില്‍ പൃഥ്വിരാജ് അവതരിപ്പിക്കും എന്ന് മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം കാരണം പൃഥ്വി ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്.
ഈ പ്രൊജക്ടിലേക്ക് തന്നെ ക്ഷണിച്ചിരുന്നു എന്നും എന്നാല്‍ ഡേറ്റില്ലാത്തതിനാല്‍ പിന്‍മാറുകയാണെന്നും പൃഥ്വിരാജ് അറിയിച്ചു. മാത്രമല്ല, തല്‍ക്കാലം ‘കൊച്ചടിയാന്‍’ ഒഴികെ മറ്റൊരു തമിഴ് പ്രൊജക്ടിലും പൃഥ്വി അഭിനയിക്കാന്‍ തീരുമാനിച്ചിട്ടില്ല. ‘അയ്യാ’ എന്ന ഹിന്ദിച്ചിത്രത്തിന്‍റെയും ഏഴോളം മലയാള സിനിമകളുടെയും അണിയറപ്രവര്‍ത്തനങ്ങളിലാണ് പൃഥ്വി.
അപ്പോഴൊരു ചോദ്യമുണ്ടാകും - റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പൊലീസില്‍ പൃഥ്വിരാജ് നായകനാകുമോ? പൃഥ്വി ആ സിനിമയില്‍ നിന്നും പിന്‍മാറുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും പുതിയതായി ലഭിക്കുന്നത്.
“മുംബൈ പൊലീസിലേക്ക് പൃഥ്വിരാജിന്‍റെ ഡേറ്റ് പ്രശ്നമുണ്ടായിരുന്നു. പൃഥ്വിയെ അടുത്ത ദിവസം കാണുന്നുണ്ട്. അതിന് ശേഷമേ പൃഥ്വിക്ക് പകരം ആരെവച്ച് ചെയ്യാമെന്ന് തീരുമാനിക്കൂ” - റോഷന്‍ ആന്‍ഡ്രൂസ് അറിയിക്കുന്നു.