കടുത്ത ചില തീരുമാനങ്ങള്‍ കൈക്കൊണ്ട് തന്‍റെ പരാജയകാലത്തിന് അറുതിവരുത്താനാണ് മമ്മൂട്ടി ശ്രമിക്കുന്നത്. മലയാള സിനിമയുടെ ഇപ്പോഴത്തെ അധികാരിയായ രഞ്ജിത്തിന്‍റെ രണ്ട് ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നു. ഷോമാന്‍ ലാല്‍ ജോസിന്‍റെ ‘ഇമ്മാനുവല്‍’ എന്ന ചിത്രത്തിന് തത്‌കാല്‍ ഡേറ്റ് കൊടുക്കുന്നു. നല്ല തിരക്കഥ ലഭിച്ചപ്പോള്‍ നവാഗത സംവിധായകനെ വച്ച് ‘ജവാന്‍ ഓഫ് വെള്ളിമല’ ചെയ്യുന്നു.
മമ്മൂട്ടിയുടെ ഈ മാറ്റത്തില്‍ നഷ്ടം സംഭവിച്ച ചിലരുണ്ട്. സംവിധായകരായ ദീപന്‍, വി എം വിനു, അമല്‍ നീരദ്, വിനോദ് വിജയന്‍ തുടങ്ങിയവര്‍ക്കാണ് അടിപറ്റിയത്. ഇവര്‍ മമ്മൂട്ടി ഡേറ്റുതരുന്നതും കാത്ത് ഓരോ പ്രൊജക്ടുകളുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാല്‍ അതൊന്നും ഇപ്പോള്‍ ചെയ്യുന്നില്ലെന്നും താരസിംഹാസനം ഇളകാതെ നില്‍ക്കാനുള്ള വഴി ആദ്യം നോക്കട്ടെയെന്നുമാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ നിലപാട്.
അമല്‍ നീരദ് സംവിധാനം ചെയ്യാനിരുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ട്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ഈ സിനിമ പൃഥ്വിരാജിന്‍റെ ആഗസ്റ്റ് സിനിമയായിരുന്നു നിര്‍മ്മിക്കാനിരുന്നത്. മമ്മൂട്ടി നായകനും പൃഥ്വിരാജ് വില്ലനുമായി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് സംരംഭം മമ്മൂട്ടി മാറ്റിവച്ചത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.
ഈ സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? നിര്‍മ്മാതാവ് പൃഥ്വിരാജിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ - “അരിവാള്‍ ചുറ്റിക നക്ഷത്രം ഇനി എന്ന് നടക്കും എന്നത് മമ്മൂട്ടി തന്നെ പറയണം. അദ്ദേഹം പറയുന്ന സമയത്തേ അത് ചെയ്യാന്‍ സാധിക്കൂ”.
എന്തായാലും അരിവാള്‍ ചുറ്റിക നക്ഷത്രം മാറ്റിവച്ച ഒഴിവില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. ചിത്രത്തേക്കുറിച്ച് ഗംഭീര അഭിപ്രായമാണ് സിനിമാലോകത്ത് ഉയര്‍ന്നിരിക്കുന്നത്.