ഹൃദയാഘാതമെന്ന് ഊഹാപോഹം; ചിരിച്ച രജനി!

Webdunia
ശനി, 30 ഏപ്രില്‍ 2011 (11:20 IST)
PRO
PRO
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് നെഞ്ചുവേദനയും ശ്വാസം‌മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത രജനി ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ ചിരിച്ചുകൊണ്ടാണ് രജനി നേരിട്ടത്. ‘ഒരു സാധാരണ ചെക്കപ്പിന് പോകാന്‍ പോലും നിങ്ങളെന്നെ സമ്മതിക്കില്ലേ’ എന്ന് രജനി ചിരിച്ചുകൊണ്ട് ചോദിക്കുകയും ചെയ്തു.

രജനി നായകനായി അഭിനയിക്കുന്ന കെ‌എസ് രവികുമാര്‍ ചിത്രമായ ‘റാണ’യുടെ ഷൂട്ടിംഗ് വെള്ളിയാഴ്ച രാവിലെയാണ് ആരംഭിച്ചത്. ആദ്യരംഗം ചിത്രീകരിച്ച് കഴിഞ്ഞയുടന്‍ രജനി ലൊക്കേഷില്‍ നിന്ന് വീട്ടിലേക്ക് പോയി. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്കും. തുടര്‍ന്നാണ് ‘ഹൃദയാഘാത’ കഥ ടെലിവിഷനും നെറ്റും അടക്കമുള്ള മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

പുതിയ സിനിമ ആരംഭിക്കുമ്പോഴെല്ലാം ഒരു ശാരീരിക പരിശോധനയ്ക്ക് രജനി വിധേയനാവുക പതിവുണ്ട്. സിനിമയുടെ ഷെഡ്യൂളിന് ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകാതിരിക്കാനാണ് ഇത്. ഈ പതിവ് ചെക്കപ്പാണ് പലരും ഹൃദയാഘാതം ആക്കിയത്. സിനിമയുടെ ചിത്രീകരണം മുടക്കം കൂടാതെ നാളെ പുനരാരംഭിക്കുമെന്ന് റാണയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സത്യത്തില്‍ സിനിമ തുടങ്ങുന്നതിന് മുമ്പുതന്നെ ഈ ചെക്കപ്പ് പതിവുണ്ടെത്രെ. എന്നാല്‍ സമയമില്ലാത്തതിനാല്‍ രജനി ഈ ചെക്കപ്പ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് തിരിച്ചെത്തി ആഹാരം കഴിച്ചപ്പോള്‍ ചര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ചെക്കപ്പിനായി രജനി ആശുപത്രിയില്‍ എത്തിയത്. ചെക്കപ്പ് കഴിഞ്ഞ് രജനി വീട്ടില്‍ തിരിച്ചെത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി കരുണാനിധി അടക്കമുള്ളവര്‍ രജനിയെ വിളിച്ച് അസുഖവിവരം തിരക്കിയിരുന്നു.

ഇറോസ് ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ‘റാണ’യില്‍ ദീപിക പദുക്കോണ്‍, ഇല്യാന ഡിസൂസ, തബു, സോനു സൂദ് തുടങ്ങിയവരും അഭിനയിക്കുന്നു. രജനീകാന്ത് മൂന്ന് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന റാണയുടെ ക്യാമറാമാന്‍ രത്നവേലുവാണ്. 2012ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ടെക്നിക്കല്‍ ഡയറക്‌ടര്‍ സൌന്ദര്യ രജനീകാന്താണ്. നൂറുകോടിക്ക് മേല്‍ ചെലവു വരുന്ന ചിത്രത്തില്‍ സ്പെഷ്യല്‍ എഫക്‌ടിന് ഏറെ പ്രാധാന്യമുണ്ട്.

അമിതാഭ് ബച്ചന്‍റെ പഴയ ഹിറ്റ് ചിത്രം ‘മഹാന്‍’ ആണ് റാണ എന്ന സിനിമയുടെ അടിസ്ഥാനമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.