സ്വര്‍ണക്കടത്തിന്‍റെ കഥയുമായി രഞ്ജിത്, മീശപിരിച്ച് മോഹന്‍ലാല്‍ അവതാരം, വരുന്നത് മറ്റൊരു രാവണപ്രഭു!

തിങ്കള്‍, 9 മാര്‍ച്ച് 2015 (16:14 IST)
മോഹന്‍ലാല്‍ വീണ്ടും മീശപിരിക്കുന്നു. തമ്പുരാന്‍ സിനിമകളുടെ ഉസ്താദായ രഞ്ജിത് സിനിമയിലൂടെയാണ് മോഹന്‍ലാല്‍ വീണ്ടും മീശപിരിക്കുന്നത്. ‘ലോഹം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്. ഇപ്പോള്‍ ചെയ്തുവരുന്ന സിനിമാരീതികളില്‍ നിന്നുമാറി പഴയ രീതികളിലേക്ക് രഞ്ജിത് മടങ്ങിപ്പോകുന്ന സിനിമകൂടിയാണ് ലോഹം. ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു തുടങ്ങിയ ഹൈവോള്‍ട്ടേജ് സിനിമകളുടെ ഗണത്തില്‍ പെട്ട ചിത്രമാ‍യിരിക്കും ലോഹം എന്നാണ് വിവരം.
 
മോഹന്‍ലാല്‍ ഈ സിനിമയില്‍ സ്വര്‍ണക്കടത്തുകാരനായാണ് അഭിനയിക്കുന്നതെന്നാണ് സൂചന. പഴയ ഇരുപതാം നൂറ്റാണ്ട് സ്റ്റൈലില്‍ മോഹന്‍ലാല്‍ വീണ്ടും സ്വര്‍ണക്കടത്തിനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആവേശം കൊള്ളാന്‍ ധാരാളം വകുപ്പുകളുള്ള ചിത്രമായിരിക്കും ഇത്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ആന്‍ഡ്രിയ ജെര്‍മിയ ആണ് നായിക.
 
കോഴിക്കോട്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ലോഹം 200ലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഈ ചിത്രത്തോടെ രഞ്ജിത് പൂര്‍ണമായും വമ്പന്‍ കൊമേഴ്സ്യല്‍ സിനിമകളുടെ ഭാഗമായി മാറുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
 
ലോഹത്തിന് ശേഷം രണ്‍ജി പണിക്കരുമായി ചേര്‍ന്ന് മമ്മൂട്ടി - മോഹന്‍ലാല്‍ പ്രൊജക്ടിനാണ് രഞ്ജിത് തിരക്കഥയെഴുതുന്നത്. ഷാജി കൈലാസ് ആ സിനിമ സംവിധാനം ചെയ്യും.

വെബ്ദുനിയ വായിക്കുക